പ്ലാസ്റ്റിക് വൃത്തിയാക്കാൻ മോദി പ്ലാസ്റ്റിക് ഉപയോഗിച്ചോ..?; നെറ്റില്‍ ചര്‍ച്ചച്ചൂട്

ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്തുമാറ്റി വൃത്തിയാക്കുന്ന മോദിയുടെ വിഡിയോ ചര്‍ച്ചയാകുകയാണ് നവമാധ്യമങ്ങളിൽ. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്ക് മുന്നോടിയായി മാമല്ലപുരത്തെ ബീച്ച് വൃത്തിയാക്കുന്ന വിഡിയോയാണ് മോദി ട്വിറ്ററിൽ പങ്കുവെച്ചത്. 30 മിനിട്ട് നീണ്ട ശുചീകരണം പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശം പങ്കുവെച്ചാണ് നടത്തിയത്. 

എന്നാല്‍ മോദിയുടെ ശുചീകരണ യ‍ജ്ഞത്തിന് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസൺസിൽ ചിലര്‍. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ മോദി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ആണെന്നാണ് ഇക്കൂട്ടർ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ പ്രധാനമന്ത്രി എന്തു സന്ദേശമാണ് നൽ‍കുന്നതെന്നും വാർത്താതലക്കെട്ടുകളിൽ ഇടം പിടിക്കാനുള്ള ശ്രമങ്ങളാണിതെന്നും ചിലർ രോഷം കൊള്ളുന്നു. 

മാമല്ലപുരത്തെ ബീച്ചിലൂടെ പ്രഭാതസവാരി ചെയ്യുന്നതിന്റെ മനോഹരമായ  ചില ക്ലിക്കുകളും മോദി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 

തമിഴ് നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന ഇന്ത്യ ചൈന ഉച്ചകോടിയിൽ ഇന്നു നിർണായക ചർച്ചകൾ നടക്കും. വ്യാപാരം സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടാകുമെന്നാണ് സൂചന. 

പ്രഭാത നടത്തത്തിനിടെ ബീച്ച് വൃത്തിയാക്കി മോദി; മാലിന്യങ്ങൾ നീക്കി; വിഡിയോ