മകന്റെ ഇഷ്ടരുചികൾ നിരത്തി അമ്മ; സ്വാദോടെ കഴിച്ച് മോദി; പിറന്നാള്‍ കാഴ്ച

പതിവ് തെറ്റിക്കാതെ ഇത്തവണയും മോദി പിറന്നാൾ ആഘോഷിച്ചത് ഗുജറാത്തിലെ ഗാന്ധിനഗറിലെ വീട്ടിൽ അമ്മയ്ക്കൊപ്പം. ആർഭാടങ്ങളൊന്നും ഇല്ലാതെ ഇഷ്ട വിഭവമൊരുക്കി കാത്തിരുന്ന അമ്മയ്ക്കൊപ്പം നിറ സ്വാദോടെ അദ്ദേഹം 69ാം പിറന്നാളിന് അമ്മ നൽകിയ ഭക്ഷണം കഴിച്ചു. ഇത്തവണ മകന്റെ ഇഷ്ടഭക്ഷണമായ താലി മീല്‍സാണ് അമ്മ ഹീരാബെന്‍ ഒരുക്കി വച്ചത്. റൊട്ടി, പരിപ്പ്, പയര്‍, സലാഡ്, ഒന്നുരണ്ട് പച്ചക്കറി കറികള്‍ എന്നിങ്ങനെ രുചികൾ നിരത്തി വച്ച അമ്മയ്ക്ക് മുന്നിൽ മോദി പിറന്നാൾ കുട്ടിയായി ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ഭക്ഷണശേഷം മകന് പിറന്നാൾ സമ്മാനവും നൽകിയാണ് അമ്മ മോദിയെ യാത്രയാക്കിയത്. ഇത്തവണ 501 രൂപയായിണ് അമ്മ നൽകിയത്. അമ്മയാണ് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള പണമെല്ലാം നല്‍കാറെന്ന് മോദി അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

നരേന്ദ്ര മോദിയുടെ 98 വയസ്സുള്ള മാതാവ് ഹീരാബെൻ ഇളയ മകൻ പങ്കജ് മോദിക്കൊപ്പമാണ് താമസം. വിശേഷ ദിവസങ്ങളിൽ മോദി തിരക്കെല്ലാം മാറ്റിവച്ച് മാതാവിനെ കാണാൻ ഇവിടെ എത്താറുണ്ട്. 69 ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു. രാവിലെ ഗാന്ധിനഗറിൽ നിന്ന് നർമദയിലെ ഏകതാ പ്രതിമയും നർമദാ നദിക്കു കുറുകേയുള്ള സർദാർ സരോവർ അണക്കെട്ടും സന്ദർശിച്ചിരുന്നു.