ഇന്ത്യയ്ക്കെതിരെ ചാവേറാക്രമണം; പദ്ധതി രേഖയും വിഡിയോയും പുറത്ത് വിട്ട് പാക്ക് സേന

കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് പാക്ക് വ്യോമസേന തയ്യാറാക്കിയ മാപ്പുകളും വിഡിയോയും ചിത്രങ്ങളും പുറത്ത്. ഫെബ്രുവരി 26 ന് പാക്കിസ്ഥാനിൽ ഭീകര ക്യാംപിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഫെബ്രുവരി 27 ന് നടത്തിയ സൈനിക ഓപ്പറേഷനായ ‘ഓപ്പറേഷൻ സ്വിഫ്റ്റ് റിട്ടോർട്ട്’ എന്ന വിഷയത്തിൽ പാക്കിസ്ഥാൻ വ്യോമസേന ഒരു റിപ്പോർട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സൈനിക ക്യാംപുകൾ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണ ശ്രമങ്ങളുടെ വിഡിയോ ആണ് പുറത്തുവിട്ടത്. ‘ഈ ലക്ഷ്യത്തിലേക്ക് വിന്യസിച്ച ബോംബിന്റെ യഥാർഥ ക്ലിപ്പ് ഇതാണ്,’ ഒരു പി‌എ‌എഫ് വക്താവ് പറഞ്ഞു. മിസൈലിന്റെ ഓൺ‌ബോർഡ് ക്യാമറയിൽ നിന്ന് റെക്കോർഡു ചെയ്ത ദൃശ്യങ്ങളാണിത്. 

ജമ്മുവിലെ നരിയൻ സൈനിക താവളം ലക്ഷ്യമിട്ടാണ് പോർ‌വിമാനങ്ങളിൽ നിന്ന് ബോംബുകൾ വിന്യസിച്ചതെന്ന് പി‌എ‌എഫ് പറഞ്ഞു. ഫെബ്രുവരി 27 ന് പാക്ക് വ്യോമസേന പ്രയോഗിച്ചത് ആറ് ബോംബുകളാണ്. നാല് ടാർഗറ്റുകളിൽ ഒന്നിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 27 ലെ ഏറ്റുമുട്ടലിൽ ഇന്ത്യയുടെ മിഗ് -21 തകർച്ചയുടെ ഫോട്ടോകളും പിഎഎഫ് പ്രദർശിപ്പിച്ചു.

അതേസമയം പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം തുടരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. ഇൗവർഷം പാക്കിസ്ഥാൻ 2050ലേറെ തവണ വെടിനിർത്തൽ കരാർ ലംഘധിച്ചുവെന്നും 21 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്നും  വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.