ആരും പറയും‘ അതിശയകരം’; തലങ്ങും വിലങ്ങും മറിഞ്ഞ് കുട്ടികൾ

ഇനി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ജിംനാസ്റ്റിക്ക് പ്രകടനം കാണാം. രാജസ്ഥാനിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ഹിറ്റ്.  രാജ്യാന്തര ജിംനാസ്റ്റിക് താരം നദിയ കൊമാനേച്ചിയും കുട്ടികള്‍ക്ക് അഭിനന്ദനവുമായി എത്തി. 

സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങുകയാണ് ഈ അഭ്യാസപ്രകടനം. റബര്‍ പന്തുപോലെ അനായാസം മലക്കം മറിഞ്ഞു കൈകുത്തിമറി‍ഞ്ഞും അത്ഭുതപ്പെടുത്തുകയാണിവര്‍.  സ്കൂള്‍ വിദ്യാര്‍ഥികളാണ് നല്ല ഉശിരന്‍ സമ്മര്‍ സോള്‍ട്ടുമായി നിരത്തിലിറങ്ങിയത്. ബാഗ് തോളിലിട്ടുകൊണ്ടാണ് പ്രകടനമെന്നതാണ് ശ്രദ്ധേയം. അഞ്ചുലക്ഷത്തിലധികംപേരാണ് വിഡിയോ ഇതിനോടകം കണ്ടത്.

വിഡിയോ വൈറലായതോടെ കുട്ടികള്‍ക്ക് അഭിനന്ദനപ്രവാഹമാണ്. സോഷ്യല്‍ മീഡിയയും കുട്ടികളെ ഏറ്റെടുത്തതോടെ അഭിനന്ദനവുമായി രാജ്യാന്തര ജിംനാസ്റ്റിക് താരവും ഒളിംപിക് ജേതാവുമായ നദിയ കൊമാനേച്ചി .എത്തി. തന്റെ ട്വിറ്ററില്‍ കുട്ടികളുടെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അതിശയകരം എന്നാണ് നദിയ കുറിച്ചത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവും വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.