പാര്‍ലമെന്‍റ് വളപ്പില്‍ പന്തുരുട്ടി തൃണമൂല്‍ പ്രതിഷേധം‌; എല്ലാം ഫു‍ട്‌‍ബോളിനു വേണ്ടി

പാര്‍ലമെന്‍റ് വളപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുടെ തീര്‍ത്തും വ്യത്യസ്തമായൊരു പ്രതിഷേധം. ടീം ഇന്ത്യ പുറത്തായെങ്കിലും രാജ്യമെങ്ങും ക്രിക്കറ്റ് ലോകകപ്പ് ആവേശം കെട്ടടങ്ങാതെ നില്‍ക്കുന്നതിനിടയില്‍ ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്കായാണ് പ്രസുണ്‍ ബാനര്‍ജി കളം നിറഞ്ഞ് കളിച്ചത്. 

പാര്‍ലമെന്‍റിനകത്ത് ബജറ്റ് ചര്‍ച്ചയുടെയും പുറത്ത് വെയിലിന്‍റെയും ചൂട്. നിരവധി സമരങ്ങള്‍ക്ക് സാക്ഷിയായ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ വേറിട്ടൊരു പ്രതിഷേധത്തിന് വിസില്‍ മുഴങ്ങി. ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ നട അല്‍പ്പസമയത്തേയ്ക്ക് ഫുട്ബോള്‍ വേദിയായി. പ്രതിഷേധക്കാറ്റ് ഉൗതിവീര്‍പ്പിച്ച പന്തുമായി കളിയടവുകള്‍ പയറ്റി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി പ്രസുണ്‍ ബാനര്‍ജി. 

ഹൗറ ലോക്സഭ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.പിയായ പ്രസുണ്‍ ബാനര്‍ജി ഫുട്ബോള്‍ ജേഴ്സി അഴിച്ചുവെച്ചാണ് മമത ദീദിക്കായി രാഷ്ട്രീയക്കളത്തിലിറങ്ങിയത്. ഇന്ത്യന്‍ ടീമിന്‍റെ നായകനായിരുന്നു. അര്‍ജുന പുരസ്ക്കാര ജേതാവാണ്. എം.പിമാരും പാര്‍ലമെന്‍റ് സുരക്ഷാ ജീവനക്കാരും തമ്മില്‍ ഒരു ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം.