ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വില കൂടിയ പഴ്സ് മോഷ്ടിച്ചു ; എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ, നാണക്കേട്

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പഴ്സ് മോഷ്ടിച്ച സംഭവത്തിൽ പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ റോഹിത് ബാസിൻ എന്ന പൈലറ്റിനെയാണ് മോഷണക്കുറ്റം തെളിഞ്ഞതിനെ തുടർന്ന് സസ്പെൻഡ് ചെയ്തത്. സിഡ്നിയിലെ വിമാനത്താവളത്തിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നുമാണ് മുതിർന്ന പൈലറ്റായ റോഹിത് വിലകൂടിയ പഴ്സ് കൈക്കലാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതർ എയർ ഇന്ത്യയെ വിവരം അറിയിക്കുകയായിരുന്നു.  

റോഹിത് യാത്ര ചെയ്യുന്ന എയർ ഇന്ത്യയുടെ ഫ്ളൈറ്റ് സിഡ്നിയിൽ നിന്നും ഡൽഹി വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് കൈമാറും. ലൈസൻസ് ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറണമെന്നും കൊൽക്കത്ത വിട്ടു പോകരുതെന്നും ഉത്തരവിൽ എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 

ജീവനക്കാരുടെ ഭാഗത്ത് നിന്നും നല്ല പെരുമാറ്റം ഉറപ്പ് വരുത്താൻ എയർ ഇന്ത്യ ശ്രദ്ധിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയാത്തതാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ പൈലറ്റ് കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടിയെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.