ഭീകര ക്യാംപുകൾ തകർത്ത് ഇന്ത്യ–മ്യാൻമർ നീക്കം; ഒാപ്പറേഷൻ സൺറൈസ്

ഭീകര ക്യാംപുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ ൈസന്യം. അതിർത്തിയിൽ ഇന്ത്യ–മ്യാൻമർ സൈന്യത്തിന്റെ സംയുക്ത നീക്കമാണ് ഭീകര ക്യാംപുകൾ തകർത്തത്. ‘ഓപറേഷൻ സൺറൈസ്’ എന്നായിരുന്നു സൈനിക നീക്കത്തിന്റെ പേര്. മേയ് 16 മുതൽ മൂന്നാഴ്ച നീണ്ട നടപടിയിൽ എഴുപതോളം ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്തോ–മ്യാൻമർ അതിർത്തിയിലായിരുന്നു ആക്രമണം. മണിപ്പുർ, നാഗാലാൻഡ്, അസം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിലുള്ള ഭീകരക്യാംപുകളാണു തകർത്തത്.

ഭീകര സംഘടനകളായ കംതപുർ ലിബറേഷൻ ഓർഗനൈസേഷൻ(കെഎൽഒ), എൻഎസ്‌സിഎൻ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഐ), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്(എൻഡിഎഫ്ബി) എന്നിവരുടെ ക്യാംപുകളും കേന്ദ്രങ്ങളുമാണു തകർത്തത്. അൻപതോളം ഭീകര ക്യാംപുകൾ ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

അസം റൈഫിൾസും സൈനിക നടപടിയിൽ പങ്കെടുത്തു. ഓപറേഷൻ സൺറൈസിന്റെ ഒന്നാം ഘട്ടം നടത്തിയത് മൂന്നുമാസം മുൻപായിരുന്നു. അറാക്കൻ ആർമി പ്രക്ഷോഭകാരികളെയാണ് അന്ന് തുരത്തിയത്. ഇത്തവണ രണ്ടാം ഘട്ടമായിരുന്നു. കൂടുതൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ടം ആരംഭിക്കുമെന്നും സൈന്യം വ്യക്തമാക്കി. 1640 കിലോമീറ്റർ ദൂരം അതിർത്തിയാണ് മ്യാൻമറുമായി ഇന്ത്യ പങ്കിടുന്നത്.