മകൾ പ്രണയിച്ച് വിവാഹം കഴിച്ചു; ശവസംസ്കാരത്തിന് നോട്ടീസടിച്ച് അച്ഛന്‍; പ്രതിഷേധം

ഇഷ്ടപ്പെട്ട യുവാവിനെ മകൾ വിവാഹം കഴിച്ചതിന് മകളുടെ ശവസംസ്കാരത്തിന്റെ പോസ്റ്ററടിച്ച് നാടുനീളെ ഒട്ടിച്ച് പിതാവ്. തമിഴ്നാട്ടിലെ കുപ്പുരാജ പാളയത്താണ് ഇൗ വിചിത്ര സംഭവം. മകളെ കെട്ടിച്ച് തരണമെന്ന് അഭ്യർഥിച്ച് യുവാവ് പെൺകുട്ടിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാൽ ഇൗ വിവാഹം പെൺകുട്ടിയുടെ പിതാവിന് ഇഷ്ടമായിരുന്നില്ല. പല തവണ മകളും യുവാവും അഭ്യർഥിച്ചിട്ടും പിതാവ് വിവാഹം നടത്തിക്കൊടുക്കാൻ ഒരുക്കമായിരുന്നില്ല. യുവാവിന്റെ അമ്മ താഴ്ന്ന ജാതിക്കാരിയാണ് എന്നതായിരുന്നു പിതാവ് കണ്ടെത്തിയ കുറവ്.

ഇതോടെയാണ് മകൾ യുവാവിനൊപ്പം ഇറങ്ങിപ്പോയത്. ഇൗ ദേഷ്യത്തിന് മകളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നാട്ടുകാരെ ക്ഷണിച്ച് കൊണ്ട് പോസ്റ്ററുകൾ പിതാവ് അച്ചടിച്ചിറക്കി. നാടുനീളെ ഒട്ടിക്കുകയായിരുന്നു. വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10ന് വൈകിട്ട് 3.30 ന് നടക്കുമെന്നും കാണിച്ചുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിനാണ് പിതാവ് ഒട്ടിച്ചത്. ഈ സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെയും തന്റെയും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവാവ് പൊലീസില്‍ പരാതി നല്‍കി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിതാവ് തനിക്ക് ഇങ്ങനെയുള്ള മകളില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു.