കുടുംബത്തെ വോട്ടുചെയ്യാൻ നിർബന്ധിച്ചു; വൃദ്ധനെ വെടിവെച്ചുകൊന്നു

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുള്ള സുംഗൽപോരയിൽ പിഡിപി പ്രവർത്തകനായ വൃദ്ധനെ വെടിവച്ച് കൊന്നു. 65 വയസ്സുകാരനായ മുഹമ്മദ് ജമ്മാലാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനാണ് മുഹമ്മദ് ജമ്മാലിനെ വധിച്ചതെന്ന് കുടുംബം ആരോപിച്ചു. 

ഏപ്രിൽ 29-ന് നടന്ന തിരഞ്ഞെടുപ്പിൽ ജമ്മാലിന് അവശതയും ശാരീരിക അസ്വാസ്ഥ്യവും കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, കുടുംബത്തിലെ എല്ലാവരും വോട്ട് ചെയ്യാൻ പോകണമെന്ന് ജമ്മാൽ നിർബന്ധം പിടിച്ചു. 

ജമ്മാലും കുടുംബവും താമസിക്കുന്ന സുംഗൽപോര ഗ്രാമത്തിൽ അഞ്ഞൂറ് കുടുംബങ്ങളുണ്ട്. ഇവിടെ‍ ആകെ രേഖപ്പെടുത്തിയത് ഏഴ് വോട്ടുകളാണ്. ഇതിൽ അഞ്ചും മുഹമ്മദ് ജമ്മാലിന്‍റെ കുടുംബത്തിൽ നിന്നായിരുന്നു. 

ഞായറാഴ്ച ജമ്മാലിനെ വീട്ടിനകത്ത് കയറിയാണ് അക്രമികൾ വെടിവച്ചുകൊന്നത്. നോമ്പുതുറന്ന ശേഷം ഇഫ്താറിന് തൊട്ടുമുമ്പായിരുന്നു അക്രമം. ''ഞങ്ങളോട് ആർക്കും വിരോധമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ഒരേയൊരു കാരണം, ഞങ്ങൾ വോട്ട് രേഖപ്പെടുത്തിയത് മാത്രമാണ്'', ജമാലിന്‍റെ മരുമകന്‍ പറഞ്ഞു.

തീവ്രവാദികളാണ് പിഡിപി പ്രവർത്തകനായ അറുപത്തഞ്ചുകാരന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്കിടയിൽ ഭീതി പരത്താനാണ് ഭീകരർ അക്രമം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.