അമേഠിയിലെ സ്ട്രോങ്ങ് റൂമിൽ നിന്നും ഇവിഎമ്മുകൾ കടത്തി; ട്രക്കിൽ പുറത്തേക്ക്; വിഡിയോ

അമേഠി മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമികളിൽ നിന്നും ഇവിഎം മെഷീനുകൾ പുറത്തേക്ക് കടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഇവിഎമ്മുകൾ സ്ട്രോങ്ങ് റൂമിൽ നിന്നും പുറത്തേക്കെത്തിച്ച് ട്രക്കിൽ കടത്തുന്ന വിഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ റീപോളിങ്ങ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ രാഹുൽഗാന്ധി രംഗത്തെത്തി.

മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനാണ് ഇവിഎമ്മുകൾ പുറത്തേക്ക് എത്തിക്കുന്നതിൻറെ വിഡിയോ പുറത്തുവിട്ടത്.  ഇവിഎമ്മുകൾ മാറ്റുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മെഷീനുകൾ കടത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇയാൾ ആരോപിക്കുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പു കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.

മെയ് ആറിനായിരുന്നു അമേഠിയിൽ വോട്ടെടുപ്പ് നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

1963 പോളിങ്ങ് ബൂത്തുകളാണ് അമേധി മണ്ഡലത്തിൽ ഇത്തവണ ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും നാല് ഇവിഎം മെഷീനുകൾ വീതവും ഉണ്ടായിരുന്നു.