മോദിക്കെതിരെ പ്രിയങ്ക വന്നേക്കും; വാര്‍ത്ത തള്ളാതെ രാഹുല്‍ രംഗത്ത്: ‘അത് സസ്പെന്‍സ്’

വാരാണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മൽസരിക്കുമോ എന്ന കാര്യം തള്ളാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്കാര്യം നിങ്ങള്‍ക്ക് സസ്പെന്‍സ് ആയി വിട്ടിരിക്കുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.  

സസ്പെന്‍സ് എപ്പോഴും ഒരു ചീത്ത കാര്യമല്ല. ഞാന്‍‌ അത് സ്ഥിരീകരിക്കുന്നോ തള്ളിക്കളയുന്നോ ഇല്ല– അദ്ദേഹം പറഞ്ഞു.

മെയ് 19-ന് അവസാനഘട്ടത്തിലാണ് വാരണാസിയിൽ വോട്ടെടുപ്പ് നടക്കുക. പ്രിയങ്ക മൽസരിക്കുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി ചർച്ചയായിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യം തള്ളിക്കളയാനാകില്ലെന്നും ഹൈക്കമാൻഡും വ്യക്തമാക്കിയിരിക്കുകയാണ്. രാജ്നാഥ് സിങ്ങിന്റെ മണ്ഡലമായ ലഖ്നൗവില്‍ ഉൾപ്പെടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും വാരണാസി ഒഴിച്ചിട്ടത് പ്രിയങ്കയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

വാരണസിയിൽ കോൺഗ്രസോ കഴിഞ്ഞതവണ മത്സരിച്ച അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിയായ ആം ആദ്മി പാർട്ടിയോ എസ്.പി.-ബി.എസ്.പി.-രാഷ്ട്രീയ ലോക്ദൾ മഹാസഖ്യമോ ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. മഹാസഖ്യം എസ്.പി.ക്കാണ് ഈ സീറ്റ് നൽകിയിട്ടുള്ളത്. 

പ്രിയങ്ക വാരണാസിയിൽ മൽസരിക്കുകയാണെങ്കിൽ അത് ഈ തിരഞ്ഞെടുപ്പിന്റെ ദിശ തന്നെ മാറ്റും. പ്രിയങ്ക ഗാന്ധി നടത്തിയ ഗംഗാ ബോട്ട് യാത്ര അവസാനിച്ചതും വാരണാസിയിലായിരുന്നു. ഇത് മൽസര സൂചനയാണെന്നാണ് വിലയിരുത്തൽ. പ്രിയങ്ക പാര്‍ട്ടിയെ സന്നദ്ധത അറിയിച്ചെങ്കിലും സോണിയക്ക് ഇക്കാര്യത്തില്‍ വിയോജിപ്പാണ് എന്നും സൂചനയുണ്ട്. എന്നാല്‍ പാര്‍ട്ടി യുപി ഘടകത്തില്‍ നിന്നടക്കം സമ്മര്‍ദ്ദം ശക്തമാകുകയാണ്.