പ്രതിമാസം 10 ലിറ്റർ മദ്യം വീട്ടിലെത്തിക്കും; അമ്പരപ്പിക്കുന്ന വാഗ്ദാനവുമായി സ്ഥാനാർഥി

രാജ്യം തിരഞ്ഞെടുപ്പിന്റെ കടുത്ത പോരട്ടത്തിലേക്ക് കടക്കുകയാണ്. വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ വീടുകൾ തോറും കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന തിരക്കാണ്. എന്നാൽ ഇക്കൂട്ടത്തിൽ ആരുടെയും കണ്ണുതള്ളുന്ന വാഗ്ദാനങ്ങൾ നൽകുകയാണ് തമിഴ്നാട്ടിലെ തിരിപ്പൂർ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥി. തന്നെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ മണ്ഡലത്തിലെ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ് ഉറപ്പ്. തിരുപ്പൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എ.എം.ഷെയ്ക്ക് ദാവൂദാണ് ഇൗ ഉറപ്പുനൽകി വോട്ടുപിടിക്കുന്നത്. 

പ്രതിമാസം 10 ലിറ്റര്‍ മദ്യം എല്ലാ വീട്ടിലുമെത്തിക്കുമെന്നാണ് ഷെയ്ക്ക് ദാവൂദ് ഉറപ്പുനല്‍കുന്നു. ശനിയാഴ്ച കളക്ടറേറ്റിലെത്തി തിര‌ഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്‍റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്. മദ്യത്തിനൊപ്പം മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപയും നൽകും. കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി, വിവാഹത്തിനായി 10 സ്വര്‍ണ്ണ നാണയങ്ങളും 10 ലക്ഷം രൂപയും എംപി ഫണ്ടില്‍ നിന്നും നല്‍കും അങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയാണ് സ്ഥനാർഥി തീർക്കുന്നത്.