ആളില്ലാ തടാകത്തിൽ മോദി കൈ വീശിയോ?; വിഡിയോ ചർച്ചയാക്കി സോഷ്യൽ ലോകം

ചുറ്റും കാഴ്ചക്കാരില്ലാത്ത ദാൽ തടാകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരെയാണ് കൈവീശി കാണിക്കുന്നത്? വൈറലാവുന്ന വിഡിയോ പങ്കുവച്ച് സോഷ്യൽ ലോകത്ത് ഒട്ടേറെ പേർ ഉയർത്തുന്ന ചോദ്യമാണിത്. കശ്മീരിൽ ദാല്‍ തടാക സഫാരി നടത്തുന്ന മോദിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഡിയോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് പോലെ കൈവീശി കാണിക്കുകയാണ് അദ്ദേഹം. എന്നാൽ സമീപത്ത് സുരക്ഷാസേനയും ദൃശ്യങ്ങൾ പകർത്താനുള്ള ക്യാമറാസംഘങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. 

ആളില്ലാ തടകത്തില്‍ പോലും ക്യാമറയ്ക്ക് കൈവിശി കാട്ടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന പരിഹാസവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള രംഗത്തെത്തിയതോടെയാണ് സോഷ്യൽ ലോകവും ഇതേറ്റെടുത്തത്.  ജമ്മുവിലും ശ്രീനഗറിലും ലേയിലും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.