രാഹുലിനെ വാഴ്ത്തി, പ്രിയങ്കയെ സ്വാഗതം ചെയ്ത് കമൽഹാസൻ; സഖ്യം തേടുന്നു

തമിഴകത്ത് കരുത്ത് തെളിയിക്കാനുറച്ച് കമൽഹാസൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി അദ്ദേഹം രംഗത്തെത്തി. തിരഞ്ഞെടുപ്പുകളിൽ മക്കൾ നീതി മയ്യം മത്സരിക്കുമെന്നും ഇതിനായി മറ്റ് രാഷ്ട്രീയപാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും കമൽ പുതുച്ചേരിയിൽ വ്യക്തമാക്കി.

പുതുച്ചേരിയിലെ ഡിഎംകെ നേതാവ് സുബ്രഹ്മണ്യം മക്കൾ നീതി മയ്യത്തിൽ അംഗമായതായും കമൽ വ്യക്തമാക്കി. പുതുച്ചേരിയിൽ നടന്ന പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കമലിന്റെ പ്രഖ്യാപനം. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.    

രാഹുലിനെയും പ്രിയങ്കയെയും അഭിനന്ദിച്ച് കൊണ്ടായിരുന്നു കമൽഹാസൻ പ്രസംഗിച്ചത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. രാഹുൽ ഗാന്ധി  മുന്നോട്ട് വച്ച ദരിദ്രർക്ക് മിനിമം വരുമാനം എന്ന പദ്ധതി മികച്ചതാണെന്ന് കമൽ പറഞ്ഞു. കമലിന്റെ രാഹുൽ, പ്രിയങ്ക പ്രശംസ തമിഴക രാഷ്ട്രീയത്തിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.