വനത്തിനുള്ളില്‍ ധ്യാനത്തിനിടെ സന്ന്യാസിയെ പുള്ളിപുലി കടിച്ചുകൊന്നു

കടപ്പാട്– ബിബിസി

ഘോരവനത്തിൽ തപസിരുന്ന സന്യാസിയെ പുള്ളിപുലി കടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ വനത്തിനുള്ളിൽ തപസിരുന്ന ബുദ്ധസന്യാസി രാഹുൽ വാൽക്കെ(35) ആണ് പുലിയുടെ ആക്രമണത്തിനിരയായത്. നാഗ്പൂരിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള രാംദേഗി വനത്തിലാണ് ബുദ്ധസ്യാസി ധ്യാനനിമഗ്നനായിരുന്നത്. തഡോബ അന്താരി കടുവാ സ്ങ്കേതത്തിന്റെ ഭാഗം കൂടിയാണ് ഈ വനാതിർത്തി. വന്യജീവികളുടെ ആക്രമണത്തെക്കുറിച്ച് വനംവകുപ്പ് അധികൃതർ സന്യാസിക്ക് നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നതാണ്. ഈ പ്രദേശം വിട്ട് പോകണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഇതനുസരിക്കാതെയായിരുന്നു തപസ്. 

കഴിഞ്ഞ ഒരു മാസമായി രാഹുല്‍ വാല്‍ക്കെ ഈ മരത്തിന്റെ ചുവട്ടില്‍ തപസനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ 9.30 നും 10 നും ഇടയിലാണ് സംഭവം നടന്നതെന്ന് ഈ മേഖല ഉള്‍പ്പെടുന്ന തഡോബ അന്താരി കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഗജേന്ദ്ര നര്‍വാനെ പറഞ്ഞു.

വനത്തിനകത്ത് തന്നെയുള്ള ചരിത്രമുറങ്ങുന്ന ബുദ്ധ ക്ഷേത്രത്തില്‍ നിന്നും കുറച്ചകലെയുള്ള വൃക്ഷ ചുവട്ടിലാണ് സന്യാസി ധ്യാനിച്ചിരുന്നത്. കഴിഞ്ഞ ഒരുമാസമായി രണ്ട് സന്യാസിമാര്‍  സ്ഥിരമായി ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നു. വാല്‍ക്കേയുടെ ശവശരീരം കണ്ടെടുത്തിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകരെ ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്.