TAGS

വൈദ്യുത ശ്മശാനത്തിൽ സ്വന്തം കുഞ്ഞിന്റെ ജൻമദിനം ആഘോഷിച്ച് ഒരച്ഛൻ. സാമൂഹ്യപ്രവർത്തകനായ ഔറംഗാബാദ് സ്വദേശി പന്താരി നാഥ് ഷിന്‍ഡെയാണ് സ്വന്തം കുട്ടിയുടെ ജന്മദിനം ഗംഭീരമായി ശ്മശാനത്തില്‍ ആഘോഷിച്ചത്. ക്ഷണിക്കപ്പെട്ട 200 ഓളം പേർക്ക്  വിഭവസമൃദ്ധമായ ഭക്ഷണവും വിളമ്പി. മാംസാഹാരവും  ഒരുക്കിയിരുന്നു. വെറുതെ ഒരു നേരംപോക്കിനു വേണ്ടിയായിരുന്നില്ല പന്താരി നാഥ് ഷിൻഡെ മകന്റെ ജൻമദിനം ശ്മശാനത്തിൽ ആഘോഷിച്ചത്. മഹത്തകരമായ ഒരു ലക്ഷ്യവും അതിന്റെ പുറകിൽ ഉണ്ടായിരുന്നു. 

ശ്മശാനത്തിനടുത്ത് താമസിക്കുന്ന ഗ്രാമവാസികളുടെ അന്ധവിശ്വാസം ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ജൻമദിനാഘോഷം.  പ്രേതവും ഭൂതവും പിശാചിന്റെ സാന്നിധ്യവും ഒന്നും ഇല്ലെന്ന് ഗ്രാമീണരെ ബോധ്യപ്പെടുത്താനുളള എളിയ ശ്രമമായിരുന്നു അത്. അന്ധവിശ്വാസത്തിനെതിരെ പൊരുതുന്ന മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മ്മൂല്‍ സമിതിയുടെ പ്രഭാനി ജില്ലാ പ്രസിഡണ്ടാണ് പന്ദാരി നാഥ്.

ലോക്കല്‍ പൊലീസും പഞ്ചായത്തും ഇത്തരം ഒരു ചടങ്ങിന് അനുമതി നല്‍കിയിരുന്നുവെന്നും തന്റെ ഉദ്ദേശ്യം അവിടെ പിശാചിന്റെ സാന്നിധ്യമില്ലെന്ന് ഗ്രാമീണരെ ബോധ്യപ്പെടുത്തുകയുമായിരുന്നുവെന്ന് ഷിന്‍ഡെ വ്യക്തമാക്കുകയും ചെയ്തു. സെപ്തംബർ 19 ന് നടന്ന സംഭവം ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് പുറംലോകം അറിഞ്ഞത്.ജിന്ദൂര്‍ ബിജെപി പ്രസിഡണ്ട് രാജേഷ് വട്ടംവാര്‍ ഷിൻഡെയ്ക്കെതിരെ പരാതി നൽകിയതോടെ സംഭവം മാധ്യമശ്രദ്ധ നേടി. 

രാജേഷിന്റെ പരാതിയെ തുടർന്ന് മതത്തെ അപമാനിച്ചുവെന്നും ആരാധനാ സ്ഥലം അശുദ്ധമാക്കിയെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി ഷിൻഡേയ്ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകര്‍ ഗോമൂത്രവും മന്തോച്ചാരണവും പ്രത്യേക പൂജയും നടത്തി ശ്മശാനം ശുദ്ധീകരിക്കുകയും ചെയ്തു. തന്റെ ഉദ്ദേശ്യം അദ്ധവിശ്വാസങ്ങളിൽ നിന്ന് ഗ്രാമീണരെ മുക്തരാക്കുകയയെന്നതായിരുന്നുവെന്നും ബിജെപി രാഷ്ട്രീയനേട്ടത്തിനായി സംഭവത്തെ ഉപയോഗിക്കുകയായിരുന്നുവെന്നും ഷിൻഡെ കുറ്റപ്പെടുത്തി.