ആഞ്ഞടിച്ച കാറ്റ്; ആശങ്കത്തിരതാണ്ടി അഭിലാഷിനെ രക്ഷിച്ചതിങ്ങനെ; ദൃശ്യങ്ങൾ

രണ്ടു ദിവസത്തെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി സുരക്ഷിതനാകുന്നത്. ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഘാടകര്‍ക്ക് അഭിലാഷിന്‍റെ അപകടസന്ദേശം ലഭിക്കുന്നത്. തുടര്‍ന്നാണ് രാജ്യാന്തരതലത്തില്‍ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ പുറത്തുവന്നു.

കന്യാകുമാരിയില്‍ നിന്ന് 5020 കിലോമീറ്ററും ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 2700 കിലോമീറ്ററും ദൂരത്താണ് അഭിലാഷിന്‍റെ തുരീയ എന്ന പായ്‍വഞ്ചി അപകടത്തില്‍ പെടുന്നത്. അതിശക്തമായ കൊടുങ്കാറ്റില്‍ പായ്ക്കപ്പലിന്‍റെ മൂന്ന് പായ്മരങ്ങളും ഒടിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടില്‍ വീണാണ് അഭിലാഷിന് ഗുരുതരമായ പരുക്കേറ്റതെന്നാണ് സൂചന.  തുടര്‍ന്നാണ് അഭിലാഷ് അപകടസന്ദേശം അയക്കുന്നത്. 

സാറ്റലൈറ്റ് ഫോണില്‍ നിന്ന് ലഭിച്ച സന്ദേശം ലക്ഷ്യമാക്കി ഇന്ത്യന്‍ നാവികസേനയുെട ഐപി 8 ഐ വിമാനം തിരച്ചില്‍ തുടങ്ങി.  വൈകാതെ പായ്‍വഞ്ചി കണ്ടെത്തി ചിത്രങ്ങള്‍ എടുത്തു.  

പായ്‌വഞ്ചിയുടെ സ്ഥാനം ലഭിച്ചതോടെ മൗറീഷ്യസിന് സമീപമുള്ള റിയൂണിയന്‍ ദ്വീപില്‍ നിന്നുള്ള മല്‍സ്യബന്ധനക്കപ്പലായ ഒസിരിസി മെഡിക്കല്‍ സംഘവുമായി അഭിലാഷിന്‍റെ സമീപത്തേക്ക് യാത്രതിരിച്ചു. അതിശക്തമായ കാറ്റും മുപ്പത് മീറ്റര്‍ ഉയരത്തിലുള്ള തിരമാലകളും ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.  പായ്‍വഞ്ചിക്ക് സമീപമെത്തിയ കപ്പലില്‍ നിന്ന് ചെറിയ ബോട്ടില്‍ മെഡിക്കല്‍ സംഘം അഭിലാഷിനടുത്തെത്തി.  പരിശോധനകള്‍ക്ക് ശേഷം ഓസിരസിലേക്ക് മാറ്റി. പിന്നീട് ലെ അംസ്റ്റര്‍ഡാം എന്ന ചെറിയ ദ്വീപിലേക്ക് അഭിലാഷിനെ എത്തിച്ചതോടെ ആശങ്കകളുടെ കാര്‍മേഘം ഒഴിഞ്ഞു.