രാജി വയ്ക്കുമെന്നു ഉറപ്പ് നൽകിട്ടും കൊന്നില്ലേ? കശ്മീരിൽ കൊല്ലപ്പെട്ട പൊലീസുകാരന്റെ അമ്മ

കശ്മീരിലെ ഷോപിയാൻ കപ്രാൻ ഗ്രാമത്തിൽ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടു പോയി ഭീകരർ വധിച്ചത് ഇവരിൽ ഒരാളുടെ മാതാവ് നടത്തിയ കരളലിയിപ്പിക്കുന്ന അപേക്ഷയും തള്ളിക്കളഞ്ഞ ശേഷം. കൊല്ലപ്പെട്ട പൊലീസുകാരിൽ ഒരാളായ നിസാർ അഹമ്മദിന്‍റെ എഴുപതുകാരിയായ മാതാവ്, മകൻ രാജിവയ്ക്കുമെന്നു ഭീകരർക്ക് ഉറപ്പു നൽകുകയും മോചനത്തിനായി അഭ്യർഥിക്കുകയും ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഈ അഭ്യർഥന നിഷ്കരുണം തള്ളിക്കളഞ്ഞാണ് ഭീകരർ നിസാറിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചത്തെ പ്രാർഥനകൾക്കു ശേഷം നിസാർ രാജിവയ്ക്കുമെന്ന് കുടുംബാംഗങ്ങൾ നേരത്തേ പരസ്യമായി പ്രസ്താവിച്ചിരുന്നു. വീട്ടിലെത്തി തട്ടിക്കൊണ്ടു പോയതിനു തൊട്ടുപിന്നാലെയായിരുന്നു കുടുംബാംഗങ്ങൾ ഇക്കാര്യം അറിയിച്ചത്.

തട്ടിക്കൊണ്ടു പോയി അരമണിക്കൂറിനകമാണ് നിസാർ അഹമ്മദിനെയും മറ്റു രണ്ടു പേരെയും ഭീകരർ കൊലപ്പെടുത്തിയത്. രാവിലെ ഏഴു മണിയോടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരരുടെ സംഘം നിസാറിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് ഒരു ബന്ധു പറഞ്ഞു. അന്നു തന്നെ നിസാർ രാജിവയ്ക്കുമെന്നു വീട്ടുകാർ അറിയിച്ചെങ്കിലും ഭീകരർ ഇതു കണക്കിലെടുത്തില്ല. നിസാറിന്‍റെ മോചനത്തിനായി തങ്ങൾ കേണപേക്ഷിച്ചെന്നും മോചിപ്പിക്കാമെന്നു വാക്കു തന്ന ശേഷം ഭീകരർ അദ്ദേഹത്തെ വധിക്കുകയായിരുന്നുവെന്നും ബന്ധു കൂട്ടിച്ചേർത്തു.

ഓൺലൈനായി രാജി പ്രഖ്യാപിച്ചില്ലെങ്കിൽ വധിക്കുമെന്ന വിഡിയോ സന്ദേശം പുറത്തുവിട്ട് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഹിസ്ബൽ മുജാഹിദീൻ ഭീകരർ പൊലീസുകാരെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിന്നീട് മൂന്നുപേരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 1.2 ലക്ഷം അംഗബലമുള്ള ജമ്മു കശ്മീർ പൊലീസ് സേനയിലെ 30,000 എസ്പിഒ ഓഫിസർമാരോടാണ് ഹിസ്‌ബുൽ ഭീകരർ രാജി ആവശ്യപ്പെട്ടിട്ടുള്ളത്.

ജമ്മു കശ്മീരിലെ ആറു പൊലീസുകാർ രാജി പ്രഖ്യാപിക്കുന്ന വിഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ഇതു തെറ്റായ പ്രചരണമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ജമ്മു കശ്മീർ പൊലീസും വ്യക്തമാക്കി. മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടു പോയി വധിച്ചതിനെ തുടർന്ന്, ഇന്ത്യ – പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാരുടെ നിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്നും പിൻമാറാനുള്ള തീരുമാനം ഇന്ത്യ അറിയിച്ചിരുന്നു.