മോദി മെട്രോയില്‍ കയറിയത് ഇന്ധനവില താങ്ങാനാകാതെ; പരിഹസിച്ച് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെട്രോ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ്. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് മോദി റോഡിലൂടെയുള്ള യാത്ര ഒഴിവാക്കി മെട്രോ തിരഞ്ഞെടുത്തത്. ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ 14 മിനിറ്റ് യാത്ര ചെയ്തു.

സാധാരണ ദ്വാരകയിലേക്ക് റോഡ് മാർഗ്ഗമാണ് പോകാറുളളത്. ഈ റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മോദിയുടെ വരവോടെ ഗതാഗത കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. ഇതു മുന്നിൽക്കണ്ടാണ് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്.

എന്നാൽ മോദിയുടെ ഈ ട്രെയിൻ യാത്രയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. 'ഇന്ധനവില വർദ്ധനവ് താങ്ങാൻ കഴിയാത്തതിനാലാണ് മോദി മെട്രോയിൽ യാത്ര ചെയ്യുന്നതെന്നാണ്' കോൺഗ്രസ് പരിഹസിക്കുന്നത്.  കർണാടക കോണ്‍ഗ്രസിന്റെ ട്വിറ്റർ പേജിൽ മോദിയുടെ മെട്രോ വാർത്തയുടെ ചിത്രങ്ങൾക്കൊപ്പമാണ് ഇങ്ങനെയാരു കുറിപ്പ്. 

രാജ്യത്ത് ഇന്ധനവില ദിനംപ്രതി ഉയരുകയാണ്. വിലവർധന തടയാത്ത കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത ബന്ദും നടന്നിരുന്നു