തമിഴകത്ത് കേന്ദ്രത്തിന്‍റെ ‘കളികള്‍’; മാറിമറിയുമോ രാഷ്ട്രീയ സമവാക്യങ്ങള്‍? ആകാംക്ഷ

റെയ്ഡുകളും വച്ചുള്ള രാഷ്ട്രീയക്കളികളും പുതിയതല്ല തമിഴ്നാട്ടില്‍. പ്രത്യേകിച്ച് ആദായനികുതി റെയ്ഡുകള്‍. ജയലളിതയുടെ മരണത്തോടെയാണ് റെയ്ഡ് രാഷ്ട്രീയം കൂടുതല്‍ ശക്തമായത്. പല റെയ്ഡുകള്‍ക്ക് പിന്നിലും രാഷ്ട്രീയ വിലപേശലുകളായിരുന്നു കാരണമെന്ന് വ്യക്തം.

അണ്ണാ ഡി.എം.കെയെ വരുതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റെയ്ഡുകള്‍ ആയുധമാക്കിയിരുന്നെന്ന് നേരത്തെയും ആരോപണമുയര്‍ന്നിരുന്നു. 

എന്നാല്‍ ഇത്തവണ മറുമശത്ത് സിബിഐ ആണ്. സംസ്ഥാന ആരോഗ്യമന്ത്രി, നിലവിലെ ഡി.ജിപി, മുന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മിഷ്ണര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമായി നാല്‍പ്പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഒരു സംസ്ഥാനത്തെ ഡി.ജി.പിയുടെ വീട്ടില്‍ റെയ്ഡ് നടത്തുക എന്നത് രാജ്യത്ത് തന്നെ അപൂര്‍വ സംഭവങ്ങളിലൊന്നാണ്.

രാവിലെ ഏഴരയോടെ, ആരോഗ്യമന്ത്രി വിജയഭാസ്കറിന്‍റെ ഗ്രീന്‍വേസ് റോഡിലെ വീട്, ഡിജിപി ടി.കെ.രാജേന്ദ്രന്‍റെ വീട്, മുന്‍ സിറ്റി പൊലീസ് കമ്മിഷ്ണറും മലയാളിയുമായ എസ്.ജോര്‍ജിന്‍റ മൊഗപ്പെയറിലെ വീട്, മുന്‍ മന്ത്രി ബി.വി.രമണ, അന്നുണ്ടായിരുന്ന ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീട്  എന്നിവിടങ്ങളിലെല്ലാം സിബിഐ പരിശോധന തുടങ്ങി. 

ചെന്നൈ, തൂത്തുക്കുടി, തിരുവള്ളൂര്‍, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരേ സമയമാണ് റെയ്ഡ്. 2016 ലാണ് കേസിനാസ്പദമായ സംഭവം. 2013ലെ ജയലളിത സര്‍ക്കാര്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പന നിരോധിച്ചിരുന്നു.

2016ല്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. ലഹരി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ–വിതരണ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. വിതരണക്കാര്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കിയതിന്‍റെ രേഖകളും പിടിച്ചെടുത്തു. 

ഇതോടെ, വില്‍പ്പന നടത്താന്‍ അധികാരികള്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് കാണിച്ച് ആദായ നികുതി വകുപ്പ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു.

പിന്നീട്  ജയലളിതയുടെ മരണവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും തമിഴ്നാട് സാക്ഷ്യം വഹിച്ചു. ജയലളിതയുടെ മരണശേഷം പോയസ് ഗാര്‍ഡനിലെ അവരുടെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. 

മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു. അത് വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് ഇപ്പോഴുള്ള പരിശോധന.

ഡി.ജി.പിയുടെയും മന്ത്രിയുടെയും വസതികളിലെ റെയ്ഡ് സംസ്ഥാന സര്‍ക്കാരിനെ ചെറുതായല്ല അലോസരപ്പെടുത്തുന്നത്. പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ല അണ്ണ ഡി.എം.കെ എന്നിരിക്കെ.

ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമോ, തുടര്‍ന്ന് അറസ്റ്റുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ഡി.ജി.പി പോലും അഴിമതി കേസില്‍ കുടുങ്ങുന്നത് വലിയ പ്രതിസന്ധിക്ക് വഴി വെക്കും. 

മന്ത്രി വിജയഭാസ്കറിന് സ്ഥാനം രാജിവെക്കേണ്ടിവന്നാല്‍ പ്രതിഷേധം കടുക്കും. എം.എല്‍.എമാരുടെ അയോഗ്യത കേസില്‍ വിധി വരാനിരിക്കുന്നുമുണ്ട്. അത്രമേല്‍ നിര്‍ണായക സാഹചര്യത്തില്‍ ഈ പ്രതിസന്ധികൂടി മറികടക്കേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. അടുത്തകാലത്തായി നിരവധി വിഷയങ്ങളില്‍ ജനവികാരം സര്‍ക്കാരിനെതിരാണ്.

അതിനിടെ അഴിമതി ആരോപണത്തിന്‍റെ പേരില്‍ മന്ത്രി രാജിവെക്കേണ്ടിവന്നാല്‍ അണ്ണാ ഡി.എം.കെ. സര്‍ക്കാരിനിത് ഇരുട്ടടിയാകും. പ്രതിപക്ഷത്തിന് ഊര്‍ജ്ജം നല്‍കും.

എല്ലാ കളികള്‍ക്കുമൊടുവില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയുമോ? തമിഴക രാഷ്ട്രീയത്തില്‍ ഉദ്വേഗങ്ങള്‍ പെരുകുകയാണ്.