പ്രതിവിഷം തയാറാക്കാൻ പിടിച്ച അണലിക്ക് ഒറ്റപ്രസവത്തിൽ 36 കുഞ്ഞുങ്ങൾ

മഹാരാഷ്ട്രയിലെ ബരാമതിയിൽനിന്നു പിടികൂടി ഹാഫ്കീൻ ഗവേഷണ കേന്ദ്രത്തിലെത്തിച്ച അണലിക്ക് ഒറ്റപ്രസവത്തിൽ 36 കുഞ്ഞുങ്ങൾ. ആന്റിവെനം തയാറാക്കാൻ വിഷമെടുക്കുന്നതിനാണ് അണലിയെ ഗവേഷണ കേന്ദ്രത്തിലെത്തിച്ചത്. ഈ മാസം ഒന്നിനെത്തിച്ച പാമ്പ് അഞ്ചിനു പ്രസവിച്ചു. സാധാരണ 20–30 കുഞ്ഞുങ്ങളാണ് ഒറ്റപ്രസവത്തിലുണ്ടാകുക. പാമ്പിനു ലഭിച്ച മികച്ച പരിചരണത്തിന്റെ തെളിവാണ് ഇത്രയധികം കുഞ്ഞുങ്ങളെന്ന് കേന്ദ്രത്തിന്റെ ഡയറക്ടർ നിഷിഗന്ധ നായിക് പറഞ്ഞു.

രാജ്യത്തു വിഷമെടുക്കുന്നതിനു പാമ്പുകളെ സൂക്ഷിക്കാൻ അനുമതിയുള്ള രണ്ടു കേന്ദ്രങ്ങളിൽ ഒന്നാണ് ഹാഫ്കീൻ ഇൻസ്റ്റിറ്റ്യൂട്ട്. സാധാരണ ഗവേഷണ കേന്ദ്രത്തിൽ മൂന്നു മാസത്തേക്കാണു പാമ്പുകളെ സൂക്ഷിക്കുക. പിന്നീട് ഇവയെ പിടികൂടിയ സ്ഥലത്തുതന്നെ തുറന്നുവിടും. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ പാമ്പുകടി ഏൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയാണു പട്ടികയിൽ ഒന്നാമത്.