കോൺഗ്രസ് മുസ്‍ലിം ആണുങ്ങളുടെ പാർട്ടിയോ? രാഹുലിനോട് മോദിയുടെ ചോദ്യം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. മുത്തലാഖ് ബില്ലിനെതിരെയുള്ള കോൺഗ്രസ് നിലപാടിനെതിരെയാണ് മോദിയുടെ കടന്നാക്രമണം. രാജ്യസഭയിൽ പാസാകാനുള്ള മുത്തലാഖ് ബില്ലിലൂടെ കോൺഗ്രസ്  മുസ്‍ലിം പുരുഷന്മാർക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് എന്ന് മോദി പറഞ്ഞു.

മുസ്‍ലിം പാർട്ടിയാണ് കോൺഗ്രസെന്നാണ് രാഹുൽ ഗാന്ധി പറയുന്നത് താൻ ഒരു പത്രത്തിൽ വായിച്ചു. അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. കാരണം രാജ്യത്തെ പകുതിയോളം വിഭവങ്ങൾക്കുമേൽ മുസ്‍ലീമുകൾക്കാണ് പ്രാഥമിക ആവകാശമെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പക്ഷേ മുസ്‍ലിം പാർട്ടിയായ കോൺഗ്രസിൽ പുരുഷന്മാർ മാത്രമോണോ അതോ സ്ത്രീകളും ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും മോദി പരിഹസിക്കുന്നു. ഒരു ഉർദു പത്രത്തിൽ രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞതായി വാർത്ത വന്നുവെന്നാണ് മോദി ചൂണ്ടിക്കാണിക്കുന്നത്. 

രാഹുൽ ഗാന്ധിയോട് മുത്തലാഖ് ഇരകളെ പോയി കാണാനും പ്രധാനമന്ത്രി ആവശ്യപ്പെടുന്നുണ്ട്. ബില്ലിനെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ വരുന്നതിന് മുമ്പ് മുത്തലാഖ് ഇരകളെ കാണൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.പുർവഞ്ചൽ എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെ കളിയാക്കിയത്. മുത്തലാഖും നിക്കാഹ് ഹലാലയും പോലെയുള്ളവയെ കോൺഗ്രസ് പിന്തുണക്കുകയാണെന്നും മോദി വിമർശിക്കുന്നു. എന്നാൽ ഉർദ്ദു പത്രത്തിൽ  രാഹുൽ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയെന്നത് കോൺഗ്രസ് നിഷേധിച്ചു.