‘മാഡ’ ഭവനനിർമാണ പദ്ധതിക്കായി വിട്ടുനൽകിയ ഭൂമി മറിച്ചുവിറ്റതായി പരാതി

മഹാരാഷ്ട്രയിലെ 'മാഡ' ഭവനനിർമാണ പദ്ധതിക്കായി വിട്ടുനൽകിയ ഭൂമി മറിച്ചുവിറ്റതായി പരാതി. സംഭവത്തിൽ മുംബൈയിലെ പ്രമുഖ കെട്ടിടനിർമാണ കമ്പനിക്കെതിരെ കേസ് രജിസ്റ്റർചെയ്തു. 1200കോടിയുടെ പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്.  

മഹാരാഷ്ട്രയിലെ ഭവനരഹിർക്കും കാലപ്പഴക്കത്തിൽ നിലംപൊത്താറായ ചാളുകളിൽ താമസിക്കുന്നവർക്കും പ്രയോജനംലഭിക്കുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. സംസ്ഥാന ഭവന അതോറിറ്റിയായ 'മാഡ' കൈമാറിയ ഭൂമിയാണ് കൺസ്ട്രക്ഷൻ കമ്പനി മറിച്ചുവിറ്റതായി പരാതിവരുന്നത്. കെട്ടിടനിർമാതാക്കളായ  ഗുരുആശിഷ് കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ അതോറിറ്റി പരാതിനൽകി. ഹൗസിങ് ഡവലപ്പ്മെൻറ് പ്രൊജക്ടിനായി കൈമാറിയഭൂമി, മറ്റൊരു കമ്പനിക്ക് മറിച്ചുവിറ്റതായും, സ്വകാര്യ കെട്ടിടനിർമാതാക്കൾ പദ്ധതിപൂർത്തിയാക്കാതെ തട്ടിപ്പുനടത്തിയതായും അതോറിറ്റി പറയുന്നു. കരാറെടുത്ത കമ്പനിക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ നൊട്ടീസ്നൽകിയിരുന്നു. എന്നാൽ മറുപടിനൽകിയില്ല. 

പരാതിയിൻമേൽ, മഹാരാഷ്ട്ര പൊലീസിലെ സാമ്പത്തികകുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന എക്കണോമിക് ഒഫൻസ് വിങ് എഫ്ഐആർ രജിസ്റ്റർചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മുംബൈക്ക് അടുത്ത് ഗൊരേഗാവ് സിദ്ധാർഥ്നഗറിൽ പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് പദ്ധതി. 1200കോടിയായിരുന്നു പദ്ധതിചെലവ്. സമീപത്തുള്ള ചാളിൽനിന്ന് 672 കുടുംബങ്ങളെയടക്കം പുനരധിവസിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുംബൈയിലെ പ്രമുഖ കെട്ടിടനിർമാതാക്കളായ എച്ച്ഡിഐഎല്ലിൻറെ അനുബന്ധസ്ഥാപനമാണ് ഗുരുആശിഷ് കൺസ്ട്രക്ഷൻ.