റിയര്‍ വ്യൂ മിററില്‍ നോക്കി വണ്ടിയോടിക്കുകയാണ്  പ്രധാനമന്ത്രിയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കോൺഗ്രസിന്‍റെ ഒൗദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റിയര്‍ വ്യൂ മിററില്‍ നോക്കി വണ്ടിയോടിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പരിഹസിച്ചാണ് രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം ആരംഭിച്ചത്. ഇത്തരത്തില്‍ വണ്ടിയോടിച്ചപ്പോള്‍ ഉണ്ടായ അപകടങ്ങളാണ്  നോട്ടു നിരോധനവും ജി.എസ്.ടിയും.

ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയായി റഫാല്‍ യുദ്ധവിമാനക്കരാര്‍ മാറിക്കഴിഞ്ഞെന്നും ഇടപാടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കടമകളെല്ലാം നിര്‍വഹിച്ചിട്ടുണ്ടെന്നും സ്വന്തം ഉത്തരവാദിത്വങ്ങളെപ്പറ്റി പ്രധാനമന്ത്രി എന്നാണ് ബോധവാനാവുകയെന്നും രാഹുല്‍ ചോദിച്ചു. 

കര്‍ണാടക നിയമസഭാ  തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കോൺഗ്രസിന്‍റെ ഒൗദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടൂള്ള കൂറ്റന്‍ റാലിക്കുശേഷം,   ഗൂളിഗമ്മ ക്ഷേത്രവും ഗവി സിദ്ധേശ്ശ്വര മഠവും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധരാണെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മൃദു ഹിന്ദുത്വ സമീപനത്തിലൂടെ മറുപടി നല്‍കുകയാണ്  ലക്ഷ്യം. കര്‍ഷകരുമായും വ്യവസായികളുമായും വരും ദിവസങ്ങളില്‍ രാഹുല്‍ ചര്‍ച്ച നടത്തും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ രാഹുലിന്‍റെ സന്ദര്‍ശനം ഏറെ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.