രാജ്യങ്ങൾ തമ്മിലുള്ള ബന്ധം അരക്കിട്ട് ഉറപ്പിച്ച് മോദി-നെതന്യാഹു കൂടിക്കാഴ്ച്ച

ഇന്ത്യ-ഇസ്രയേല്‍ ബന്ധം പുതിയ തലത്തിലെത്തിച്ച് ഡല്‍ഹിയില്‍ മോദി-നെതന്യാഹു ചര്‍ച്ച. ആറുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധം ഉള്‍പ്പെടെ സുപ്രധാനവിഷയങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. രാവിലെ നെതന്യാഹുവിന് രാഷ്ട്രപതിഭവനില്‍ ഔപചാരികസ്വീകരണം നല്‍കിയിരുന്നു. 

ഡല്‍ഹി ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടേയും സഹകരണമേഖലകള്‍ വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകളാണ് നടന്നത്. കൃഷി, പ്രതിരോധം, ശാസ്ത്രം, ബഹിരാകാശം, ജലം, ടൂറിസം, വിവരസാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ എന്നീ മേഖലകളിലെ വിവിധ കരാറുകളില്‍മേലുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. ഇസ്രയേലില്‍ നിന്ന് സ്പൈക് ടാങ്ക് വേദ മിസൈല്‍ വാങ്ങാനുള്ള കരാര്‍ പുനസ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. ഇരുരാജ്യങ്ങളുടേയും നയതന്ത്രപ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇന്ത്യയുമായുള്ള സൗഹൃദത്തിലൂടെ സമാധാനവും വികസനവും സമൃദ്ധിയും പുലരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു പറഞ്ഞു. 

രാവിലെ പത്തിന്, ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രപതിഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. രാജ്്ഘട്ടില്‍ മഹാത്്മാഗാന്ധി സമാധിയില്‍ നെതന്യാഹുവും ഭാര്യ സാറയും പുഷ്പചക്രം സമര്‍പ്പിച്ചു. നാളെ തുടങ്ങി ആഗ്ര, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെ വിവിധപരിപാടികളില്‍ നെതന്യാഹു പങ്കെടുക്കും. നൂറ്റിമുപ്പതുപേരുടെ ബിസിനസ് സംഘം ഇസ്രയേല്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.