ഈറോഡ്∙ വിവാഹപ്പിറ്റേന്ന് ക്ഷേത്ര ദർശനത്തിന് പോയ ദമ്പതികളിൽ നവവധു 50 അടി താഴ്ചയിലേക്ക് കാൽ വഴുതി വീണു ഗുരുതര പരുക്കേറ്റു. കുമാരപ്പാളയം ഇളങ്കോവന്റെ ഭാര്യ വൈഷ്ണവി (24) യെ കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ എട്ടിനു ട്രിച്ചിനാപ്പള്ളി മരിയമ്മൻ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. വൈഷ്ണവിയുടെ സ്വദേശം കരൂർ ജില്ലയിലാണ്.
വിവാഹത്തിന് ശേഷം വധുവരൻമാർ രാത്രിയിൽ വരന്റെ വീട്ടിൽ എത്തി. ഇന്നലെ വിവാഹ സൽക്കാരവും ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഇരുവരും ഭവാനി വേദഗിരി മലയിലെ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി വൈകിട്ട് 3 മണിക്ക് വേദഗിരിമല ഇറങ്ങവേ നവവധു കാൽ വഴുതി 50 അടി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. അഗ്നിശമനാ സേനയെത്തി മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് പരുക്കേറ്റ യുവതിയെ മല മുകളിൽ എത്തിച്ചത്. അവിടെ നിന്ന് ചുമന്നു മലയിറക്കി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.