മുംബൈയില്‍ ആറുനിലക്കെട്ടിടം തകര്‍ന്ന് പത്തുമരണം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയ ഇരുപത്തഞ്ചോളം പേരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. പുറത്തെടുത്ത പതിനാറുപേരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
മുംബൈയില്‍ മൂന്നുദിവസം തുടര്‍ച്ചയായി പെയ്ത കനത്ത മഴയ്ക്കുപിന്നാലെയാണ് ഭിണ്ടി ബസാറില്‍ കെട്ടിടംതകര്ന്നുവീണത്. രാവിലെ എട്ടരയ്ക്ക് തിരക്ക് തുടങ്ങുന്ന സമയത്തായിരുന്നു ദുരന്തം. ആറുനിലകളുള്ള കെട്ടിടം അപ്പാടെ തകര്‍ന്നടിഞ്ഞു. ഗോഡൗണുകളും ഓഫീസുകളുമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിലുണ്ടായിരുന്നവരും സമീപത്തുനിന്നവരുമായി അന്‍പതിലേറെപ്പേര്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. എട്ടുമൃതദേഹങ്ങള്‍ പുറത്തെടുത്തു. പരുക്കേറ്റ പതിനാറുപേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരുപതിലേറെപ്പേരെ പുറത്തെടുക്കാന്‍ തീവ്രശ്രമം തുടരുകയാണ്.
ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.