മിന്നൽ പണിമുടക്ക്; ഗൾഫിലെ സർവീസുകളും പ്രതിസന്ധിയില്‍; ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഗൾഫിലെ സർവീസുകളെയും പ്രതിസന്ധിയിലാക്കി. യുഎഇയിൽ നിന്ന് മാത്രം ഒട്ടേറെ  സർവീസുകളാണ് റദ്ദാക്കിയത്.

പുലർച്ചെ മുതൽ ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഒട്ടേറെ സർവീസുകളാണ് മുടങ്ങിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള രണ്ട് സർവീസുകളും തിരുച്ചിറപ്പള്ളി , അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസുകളും റദ്ദാക്കി. ഷാർജയിൽ നിന്നും  കൊച്ചിയിലേക്കും കണ്ണൂരിലേക്കും റാസൽ ഖൈമയിൽ നിന്ന് കോഴിക്കോടേക്കുള്ള 2 സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 30 ഓളം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ദിവസേന സർവീസ് നടത്തുന്നത്. വിമാനങ്ങളില്ലാത്ത സാഹചര്യത്തിൽ ഒട്ടേറെ  യാത്രക്കാരാണ് പ്രതിസന്ധിയിലായന്നത്. പലരും വിമാനത്താവളങ്ങളിലെത്തി മടങ്ങി.  

സൗദി ഉൾപ്പെടെ മറ്റ് ജിസിസി രാജ്യങ്ങളിലെ സർവീസുകളും മുടങ്ങിയിട്ടുണ്ട്. മസ്കത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസുകളും  ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും ഹൈദരാബാദിലേക്കുമുള്ള ഓരോ സർവീസുകളും റദ്ദാക്കി.  ഇ‌ന്ത്യയിൽ നിന്നെത്തുന്ന വിമാനങ്ങളാണ് തിരിച്ച് ഇവിടങ്ങളിൽ നിന്ന് സർവീസ് നടത്തേണ്ടത്. അതുകൊണ്ട് തന്നെ നാട്ടിൽ നിന്നുള്ള സർവീസുകൾ പൂർവസ്ഥിതിലായാൽ  മാത്രമേ ഇന്ത്യയിലേക്കുള്ള സർവീസുകൾ സാധ്യമാകു.

Air India cabin crew strike: More than 80 international, domestic flights cancelled