അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 34 കോടിയുടെ ഭാഗ്യം

അബുദാബി ബിഗ് ടിക്കറ്റ് 256-ാമത് സീരീസ് നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് കോടികളുടെ സമ്മാനം. ഖത്തറിൽ ജോലി ചെയ്യുന്ന മുജീബ് തെക്കേമറ്റേരിക്ക് 34 കോടി രൂപ (15 ദശലക്ഷം ദിർഹം) ആണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 8 വർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് 12 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. 

കഴിഞ്ഞ 2 വർഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അധികൃതർ ഫോണിലൂടെ അറിയിച്ചപ്പോൾ മുജീബും സുഹൃത്തുക്കളും സന്തോഷം കൊണ്ടു ആർത്തുവിളിച്ച് തുള്ളിച്ചാടുകയായിരുന്നു. ഈ വലിയ തുക തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് മുജീബ് പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും. കുറച്ച് പ്രാരാബ്ധങ്ങളുണ്ട്. അതെല്ലാം ആദ്യം തീർക്കണമെന്ന് സുഹൃത്തുക്കളും പറഞ്ഞു.

ഇന്നലെ രാത്രി നടന്ന മറ്റ് നറുക്കെടുപ്പുകളിൽ 7 ഇന്ത്യക്കാർ കൂടി സമ്മാനം നേടി. ഇന്ത്യക്കാരായ അജീബ് ഒമർ (ഒരു ലക്ഷം), കെ.എ. മുഹമ്മദ് റിഷാദ് (70,000), ആന്റണി വിൻസെന്റ് (60,000), അജ്മൽ കൊല്ലംകുടി ഖാലിദ് (50,000), ലിപ്‌സൺ കൂത്തൂർ വെള്ളാട്ടുകര പോൾ (40,000), പൊയിൽനാട് കുഞ്ഞബ്ദുള്ള (30,000), മുഹമ്മദ് അസീബ് (2 ചെങ്ങനക്കാട്ടിൽ 2, ചെങ്ങനക്കാട്ടിൽ) എന്നിവരാണ് മറ്റ് വിജയികൾ.