കുട്ടികള്‍ ക്ലാസ് കട്ട് ചെയ്താല്‍ മാതാപിതാക്കള്‍ക്ക് ജയില്‍; കടുപ്പിച്ച് സൗദി?

സ്കൂള്‍ കുട്ടികള്‍ അനാവശ്യമായി ക്ലാസ് ഒഴിവാക്കുന്നത് തടയാന്‍ കടുത്ത നടപടികളിലേക്ക് സൗദി അറേബ്യ കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മതിയായ കാരണങ്ങളില്ലാതെ 20 ദിവസം വിദ്യാര്‍ഥി സ്കൂളിലെത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് സൗദി അറേബ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാടെന്ന് സൗദിയില്‍ നിന്നുള്ള 'മെക്ക' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.  20 ദിവസമായി കുട്ടി സ്കൂളിലെത്തിയില്ലെങ്കില്‍ കുട്ടിയുടെ രക്ഷിതാവിന്റെ വിവരങ്ങള്‍ അതത് സ്കൂളുകള്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫിസിന് കൈമാറണമെന്നും ശിശു സംരക്ഷണ നിയമത്തിന് കീഴില്‍ വരുന്ന പ്രോസിക്യൂഷന്‍ ഓഫിസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്  പറയുന്നത്. അന്വേഷണ വിധേയമായി കേസ് ക്രിമിനല്‍ കോടതിയിലേക്ക് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫിസ് കൈമാറും. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് വിദ്യാര്‍ഥി സ്കൂളിലെത്താതിരുന്നതെന്ന് തെളിഞ്ഞാല്‍ മതിയായ ശിക്ഷ ജഡ്ജിക്ക് വിധിക്കാമെന്നും നിര്‍ദേശം പറയുന്നു. 

ഫയല്‍ ചിത്രം: Reuters

പ്രോസിക്യൂഷന്‍ ഓഫിസില്‍ വിവരമറിയിക്കുന്നതിന് പുറമെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉടന്‍ തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തെ വിവരമറിയിക്കണമെന്നും  മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാര്‍ഥിയെ വീട്ടില്‍ നിന്നും ഫാമിലി കെയറിലേക്ക് മാറ്റുമെന്നും തുടര്‍ന്ന് കേസില്‍ അന്വേഷണം നടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

വിദ്യാര്‍ഥി മൂന്ന് ദിവസം ക്ലാസിലെത്താതിരുന്നാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കുകയും വിദ്യാര്‍ഥികള്‍ക്കായുള്ള ഉപദേഷ്ടാവിനെ വിവരമറിയിക്കുകയും ചെയ്യും. അഞ്ച് ദിവസമായാല്‍ രണ്ടാം മുന്നറിയിപ്പ് നല്‍കുകയും രക്ഷിതാവിനെ വിവരമറിയിക്കുകയും ചെയ്യും. പത്ത് ദിവസമായാല്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുമെന്നും രക്ഷിതാവിന് നോട്ടിസയയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ച് ദിവസം സ്കൂളിലെത്താതിരുന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റൊരു സ്കൂളിലേക്ക് വിദ്യാര്‍ഥിയെ മാറ്റുമെന്നും 20–ാം ദിവസം ശിശു സംരക്ഷണ നിയമപ്രകാരമുള്ള മറ്റ് നടപടികളിലേക്ക് കടക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

Skipping school in Saudi Arabia? Parents could face jail