തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കിയാൽ തടവും പിഴയും; മുന്നറിയിപ്പുമായി ഒമാൻ

വീടുകളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഒമാനിൽ ഇനി അങ്ങനെ ചെയ്താൽ പണി കിട്ടും. ചെറിയ പണിയല്ല. ആറ് മാസം വരെ തടവും വലിയൊരു തുക പിഴയുമാണ് തുറന്നിട്ട ബാൽക്കണിയിൽ തുണി ഉണക്കുന്നവരെ കാത്തിരിക്കുന്നത്. നഗരത്തിന്റെ കാഴ്ചാസൗന്ദര്യം നഷ്ടപ്പെടുമെന്നും അപകടങ്ങൾക്ക് ഇടയാക്കുമെന്നുമുള്ള കാരണത്തിലാണ് മസ്കത്ത് നഗരസഭ ഇത്തരമൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

പൊതുസ്ഥലങ്ങളോട് ചേർന്നുള്ള താമസസ്ഥലങ്ങളിലുള്ളവർക്കാണ് മുന്നറിയിപ്പ് ബാധകമാവുക. ഇത് ഇനിമുതൽ വലിയ നിയമലംഘനമായാണ് കണക്കാക്കുക. അതുകൊണ്ട് തന്നെ ലംഘിക്കുന്നവർക്ക് 50 റിയാൽ മുതൽ 500 റിയാൽ(പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ) വരെ പിഴയും 24 മണിക്കൂർ മുതൽ ആറ് മാസം വരെ തടവും ശിക്ഷ വഭിക്കും. നഗരസൗന്ദര്യത്തെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യാൻ അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ മറയുള്ള ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കുന്നത് കുറ്റകരമായി കാണില്ലെന്നും നഗരസഭ അധികൃതർ അറിയിച്ചു.