വിവാഹിതയെ വാട്സാപ്പ് വഴി ശല്യം ചെയ്തു; സൗദി പൗരന് 5 വർഷം തടവ്

വിവാഹിതയായ സ്ത്രീയെ സമൂഹ മാധ്യമം വഴി ‘ലൈംഗികമായി ഉപദ്രവിച്ചതിനു’ സൗദി പൗരന് അഞ്ചു വർഷം തടവ്. കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച പ്രതിയുടെ വാട്സാപ്പ് അക്കൗണ്ട് റദ്ദ് ചെയ്യാനും മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഇരയായ സ്ത്രീയുടെ ഭർത്താവ് നൽകിയ ഹർജിയെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

ലൈംഗികച്ചുവയോടെയും അസഭ്യം പറഞ്ഞും വാട്സാപ്പ് സന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ക്ഷണിച്ച് യുവതിയെ വശീകരിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. യുവതിക്ക് സന്ദേശങ്ങൾ അയച്ചതായും ലൈംഗിക ഉദ്ദേശ്യത്തോടെ ആശയവിനിമയം നടത്തിയതായും ലൈംഗികതയ്ക്ക് ക്ഷണിച്ചതായും പ്രതി സമ്മതിച്ചു. സൈബർ ക്രൈം വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 6-8 പ്രകാരമാണ് ശിക്ഷ.