'പ്രത്യേക പരിഗണന, സജീവ ഇടപെടൽ'; അനുശോചനം അറിയിച്ച് പ്രവാസലോകം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനമറിയിച്ച് ഗൾഫിലെ പ്രമുഖ വ്യക്തികളും പ്രവാസിസംഘടനകളും . കോവിഡ് കാലത്തടക്കം പ്രവാസികളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട വ്യക്തിയായിരുന്നു ഹൈദരലി തങ്ങളെന്നു വിവിധ സംഘടനകൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഹൈദരലി തങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥനാ  സദസുകള്‍ നടത്തുമെന്ന് UAE  കെ.എം.സി.സി വ്യക്തമാക്കി.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ യുഎഇ കെഎംസിസി നാഷനല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കോവിഡ്  കാലത്ത് പ്രവാസിസമൂഹത്തിനു സഹായഹസ്തവുമായി കെ.എം.സി.സി രംഗത്തിറങ്ങിയതിനു പിന്നിൽ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേകനിർദേശവും പരിഗണനയുമുണ്ടായിരുന്നതായി കെ.എം.സിസി അധികൃതർ വ്യക്തമാക്കി. ഭിന്നതകളെയും പ്രയാസങ്ങളെയും ചര്‍ച്ചകളിലൂടെ പരിഹരിച്ച നേതാവായിരുന്നു ഹൈദരലി തങ്ങൾ.

പ്രവാസികളോടു പ്രത്യേക പരിഗണന കാട്ടിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നു വിവിധ സംഘടനകൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, റീജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ.റഹീം തുടങ്ങിയവരും തങ്ങളുടെ മരണത്തിൽ അനുശോചനം അറിയിച്ചു. യുഎഇയിലെ വിവിധ പള്ളികളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ അനുസ്മരണചടങ്ങുകളും പ്രത്യേക പ്രാർഥനയും സംഘടിപ്പിക്കുന്നുണ്ട്.