ലാൽ ജോസിനും ഗോള്‍ഡന്‍ വീസ; ദുബായിലെത്തി ഏറ്റുവാങ്ങി

സംവിധായകൻ ലാൽ ജോസിനും യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ലാൽ ജോസ് വീസ ഏറ്റുവാങ്ങി. ആദ്യമായാണ് മലയാളസിനിമയിലെ ഒരു സംവിധായകന് ഗോൾഡൻ വീസ ലഭിക്കുന്നത്. നേരത്തേ, മമ്മൂട്ടി, മോഹൻലാൽ, നൈല ഉഷ ഉൾപ്പെടെയുള്ളവർക്കും ഗോൾഡൻ വീസ ലഭിച്ചിരുന്നു. ലാൽ ജോസിൻറെ അറബിക്കഥ,  ഡയമണ്ട് നെക്ളസ്, പുതിയ ചിത്രമായ മ്യാവൂ തുടങ്ങിയവ യുഎഇയിലാണ് ചിത്രീകരിച്ചത്. കലാരംഗത്തെ പ്രതിഭകൾക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും ഉൾപ്പെടെ വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.