തീവ്രവാദ പ്രേരകമാകുന്ന പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കണം; ഇസ്ലാമിക മന്ത്രി

സൗദിയിൽ തീവ്രവാദത്തിനും വിഭാഗീയതയ്ക്കും പ്രേരകമാകുന്ന പുസ്തകങ്ങൾ പള്ളികളിലെ ലൈബ്രറികളിലുണ്ടെങ്കില്‍ അവ നീക്കം ചെയ്യാൻ ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവ്. ലൈബ്രറികളിലെ പുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. അതേസമയം, അനുമതിയില്ലാതെ പ്രബോധന പ്രവർത്തനങ്ങൾ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെ ഇമാമുകൾ, പ്രഭാഷകർ, ഔദ്യോഗിക പ്രബോധകർ, മന്ത്രാലയവുമായി സഹകരിക്കുന്ന  താത്കാലിക സന്നദ്ധ പ്രവർത്തകർ എന്നിവരെ അഭിസംബോധന ചെയ്താണ് ഇസ്ലാമികകാര്യമന്ത്രി ഷെയ്ഖ് അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖിൻറെ പുതിയ ഉത്തരവുകൾ. വിദ്യാർഥികൾ, ഗവേഷകർ തുടങ്ങിയവർക്ക് പള്ളികളിലെ ലൈബ്രറികൾ ഉപകാര പ്രദമാണെങ്കിലും പുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ലൈബ്രറികളിലെയും പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാനും  തീവ്രവാദത്തെയോ ഭീകരതയേയോ പിന്തുണക്കുന്നതോ സമാന ആശയങ്ങൾ അടങ്ങിയതായോ ആയ പുസ്തകങ്ങൾ ഉടൻ നീക്കം ചെയ്യാനും മന്ത്രാലയം നിർദേശിക്കുന്നു. മന്ത്രാലയത്തിൻറെ പ്രത്യേക അനുമതിയില്ലാതെ നടത്തുന്ന പ്രബോധന പ്രവർത്തനങ്ങൾ നിയമ വിരുദ്ധമായി കണക്കാക്കുമെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളുമെന്നുമാണ് മുന്നറിയിപ്പ്. ബൗദ്ധിക വികാസത്തെ സംബന്ധിച്ച് മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികളിൽ സൗദി മസ്ജിദുകളിലെ ജീവനക്കാർ പങ്കെടുക്കണമെന്നും ശാസ്ത്രീയ ഗവേഷണ സെമിനാറുകളുടെ ഭാഗമാകണമെന്നും മന്ത്രാലയം നിർദേശിച്ചു. രാജ്യത്തിൻറെ ഭരണ സംവിധാനത്തെ അനുസരിക്കുന്നതിൻറെയും പണ്ഡിതാഭിപ്രായങ്ങളെ മാനിക്കേണ്ടതിൻറേയും ആവശ്യകതയാണ് മറ്റൊരു സർക്കുലറിലൂടെ നിർദേശിക്കുന്നത്. ഇതടക്കം അഞ്ചു സർക്കുലറുകളാണ് ഇസ്ളാമിക കാര്യമന്ത്രാലയം പുറപ്പെടുവിച്ചത്.