വെയിലേറ്റ് തളർന്ന കുട്ടികൾ; കരുതലായ അജ്മാൻ പൊലീസിന് ഭരണാധികരിയുടെ 'സല്യൂട്ട്'

വെയിലേറ്റ് തളർന്ന ഇന്ത്യൻ കുടൂംബത്തിന് സഹായവുമായി എത്തിയ അജ്മാന്‍ പൊലീസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു. തൊട്ടു പിന്നാലെ പൊലീസുകാരുടെ നല്ല പ്രവർത്തിക്ക് ആദരവുമായി സാക്ഷാൽ അജ്മാൻ ഭരണാധികാരി തന്നെയെത്തി. ശൈഖ് അമർ അൽ നു‌ഐമിയാണ് ഇവരുടെ നല്ല പ്രവർത്തിയെ നേരിട്ട് കണ്ട് പ്രകീർത്തിച്ചത്.

പൊലീസുകാരുടെ കർത്തവ്യ നിർവഹണത്തെയും മനുഷ്യത്വത്തെയും പ്രകീർ‌ത്തിച്ച അദ്ദേഹം ഇവർ പൊലീസ് സേനയുടെ തന്നെ അഭിമാനമാണെന്ന് വാഴ്ത്തി.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കോവിഡ് പരിശോധനയ്ക്ക് എത്തിയ കുടുംബത്തെയാണ് പൊലീസുകാർ സഹായിച്ചത്. വെയിലേറ്റ് തളര്‍ന്നപ്പോള്‍ പട്രോള്‍ യൂണിറ്റ് വാഹനത്തില്‍ കയറിയിരിക്കാനുളള സൗകര്യമാണ് നല്‍കിയത്. രണ്ട് കുട്ടികളടക്കമുള്ള കുടൂംബത്തെ സഹായിച്ച പൊലീസിന് നന്ദി പറഞ്ഞ് പിതാവ്  സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത്. വിഡിയോയിൽ കുട്ടികൾ മടങ്ങുമ്പോൾ യാത്രയാക്കുന്ന പൊലീസുകാരനെയും കാണാം.

ഈ അജ്മാന്‍ പോലീസ് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.  കനത്തചൂടില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ വന്ന് പട്രോള്‍ വാഹനത്തില്‍ കയറി വിശ്രമിക്കാന്‍ പറയുകയായിരുന്നുവെന്ന് പിതാവ് വീഡിയോയില്‍ പറയുന്നുണ്ട്.