ദുബായ് വേദിയാകുന്ന രാജ്യാന്തര എക്സ്പോ; കൗണ്ട് ഡൗൺ തുടങ്ങി

ദുബായ് വേദിയാകുന്ന രാജ്യാന്തര എക്സ്പോയ്ക്ക് ഇനി 100 ദിവസത്തിൻറെ അകലം മാത്രം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൗണ്ട് ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പവലിയൻ നിർമാണം പൂർത്തിയായി. 

ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായ എക്സ്പോ 2020 ക്ക് ഇനി 100 ദിനം മാത്രം. മഹാമാരി ലോകത്ത് പിടിമുറുക്കിയ ശേഷമുള്ള ഏറ്റവും വലിയ ആഘോഷം. 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോയുടെ  കൗണ്ട് ഡൗൺ ട്വിറ്ററിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്.  അരലക്ഷം ജീവനക്കാർ ചേർന്ന് 192 പവലിയനുകൾ യാഥാർഥ്യമാക്കിക്കഴിഞ്ഞു. 30,000 സന്നദ്ധപ്രവർത്തകർ  ലോകത്തെ സ്വാഗതം ചെയ്യാൻ തയ്യാറായിനിൽക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എക്സ്പോ വേദിയിൽ ലേസർ ഷോയും ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ എക്സ്പോ  കൗണ്ട് ഡൗണും അവതരിപ്പിച്ചു.

ഒക്ടോബർ ഒന്നു മുതൽ അടുത്തവർഷം മാർച്ച് 31 വരെ ആറുമാസത്തേക്കാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. അടിസ്ഥാനസൌകര്യങ്ങളിലടക്കം വൻവികസനമാണ് എക്സ്പോയോടനുബന്ധിച്ചു ഒരുക്കുന്നത്. ഇന്ത്യയിലേതടക്കം വിവിധ കലാകാരൻമാരും എക്സ്പോയുടെ ഭാഗമാകും. യോഗ, ബഹിരാകാശ പദ്ധതി അടക്കമുള്ളവ ഇന്ത്യൻ പവലിയനിൽ അവതരിപ്പിക്കും. സന്ദർശകർക്കുള്ള പ്രവേശനപാസ് അടുത്തമാ,ം പകുതിയോടെ വിതരണം ചെയ്തുതുടങ്ങും. 173 ദിവസത്തിനുള്ളിൽ രണ്ടരക്കോടി സന്ദർശകർ എക്സ്‌പോ നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.