പ്രവാസലോകത്ത് വീണ്ടും കണ്ണീർ; രണ്ട് മലയാളി യുവാക്കൾ മരിച്ചു; നോവായി കുറിപ്പ്

പ്രവാസലോകത്തിന് വേദനയായി രണ്ട് യുവാക്കളുടെ മരണങ്ങൾ. തൃശൂർ കാട്ടൂർ സ്വദേശി ഷിഫാസ് (32), കണ്ണൂർ കള്ളിക്കണ്ടി സ്വദേശി രതീഷ് എന്നിവരാണ് അകാലത്തിൽ മരിച്ചത്. സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശേരിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

അഷ്റഫ് താമരശേരിയുടെ കുറിപ്പ്:

''ഇന്ന് മലയാളികളായ രണ്ട് യുവാക്കളുടെ മൃതദേഹമാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. തൃശൂർ കാട്ടൂർ പൊഞ്ഞനം മുതിരക്കായിൽ ഖാലിദ് മകൻ ഷിഫാസ് (32). ഷാർജയിൽ സ്വന്തമായി ഗ്യാരേജ് നടത്തി വരികയായിരുന്നു ഈ യുവാവ്. മറ്റൊരാൾ കണ്ണൂർ കള്ളിക്കണ്ടി രവീന്ദ്രൻ മകൻ രതീഷ് (38) എന്നിവരാണ് അകാലത്തിൽ നമ്മോട്‌ വിടപറഞ്ഞു പോയത്‌. ചെറുപ്പക്കാരുടെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. ചുറുചുറുക്കോടെ ഓടിനടന്ന് വിജയങ്ങൾ കൊയ്തെടുക്കേണ്ട യവ്വനങ്ങൾ വഴിയിൽ കൊഴിഞ്ഞു പോകുമ്പോൾ എങ്ങിനെ സഹിക്കാനാകും. കുടുംബത്തിനും കൂട്ടുകാർക്കും നാട്ടുകാർക്കും എങ്ങിനെ നികത്താനാകും ഈ തീരാ നഷ്ടം. ജീവിത ശൈലീ രോഗങ്ങൾ വളരേ കൂടുതൽ അനുഭവിക്കുന്നവരാണ് പ്രവാസികൾ. ജോലിയുടെ പിരിമുറുക്കം, വീട്ടുകാരെ വിട്ടു നിൽക്കുന്നതിന്റെ മാനസിക സംഘർഷം, വ്യായാമമില്ലായ്മ, ഭക്ഷണ രീതികളിലെ പൊരുത്തക്കേട് തുടങ്ങിയ അനവധി വിഷയങ്ങൾ പ്രവാസികളെ അലട്ടുന്നുണ്ട്. ഇതിനൊക്കെ തക്കതായ ബോധവൽക്കരണം നടക്കേണ്ടതുണ്ട്. സർക്കാർ, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ. അത് വിസ്മരിച്ചുകൂടാ.... അകാലത്തിൽ വിടപറഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ....''