മാസ്ക് ഇല്ലാതെ ട്രെയിനിൽ നൃത്തം; സുരക്ഷാ ചട്ടങ്ങളുടെ പട്ടിക ഇറക്കി ആർടിഎ

ദുബായ് മെട്രോയിൽ മാസ്ക് ധരിക്കാതെ യാത്രക്കാരൻ നൃത്തം ചെയ്ത സംഭവത്തെ തുടർന്ന് നിരീക്ഷണവും നടപടികളും ശക്തമാക്കാനൊരുങ്ങി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. സുരക്ഷാ ചട്ടങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കി. കോവിഡ് സാഹചര്യത്തിൽ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം.

മെട്രോയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി മാസ്ക് ധരിക്കാതെ നൃത്തം ചെയ്ത് യാത്രക്കാരൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ആ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സ്റ്റേഷനുകളിലും മെട്രോയ്ക്കുള്ളിലും സ്വീകരിക്കേണ്ട സുരക്ഷാ ചട്ടങ്ങളുടെ പട്ടിക ആർ.ടി.എ പുറത്തിറക്കിയത്. ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ വാതിൽ തുറക്കാൻ ശ്രമിക്കുകയോ പുറപ്പെടാൻ തുടങ്ങുമ്പോൾ ഓടിക്കയറുകയോ ചെയ്താൽ 100 ദിർഹമാണ് പിഴശിക്ഷ. സീറ്റിൽ കാൽകയറ്റി വയ്ക്കുക, മെട്രോക്കുള്ളിൽ ഭക്ഷണ,പാനീയങ്ങൾ കഴിക്കുക, ച്യുയിങ് ഗം ചവയ്ക്കുക, വനിതകളുടെയും കുട്ടികളുടെയും കോച്ചിൽ മറ്റുള്ളവർ യാത്രചെയ്യുക എന്നിവയ്ക്കും 100 ദിർഹം വീതം പിഴ ചുമത്തും. പുകവലിക്കുക, ചപ്പുചവറുകൾ നിക്ഷേപിക്കുക, കാലാവധി കഴിഞ്ഞ നോൽ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക തുടങ്ങിയവയ്ക്ക് 200 ദിർഹമാണ് പിഴശിക്ഷ. സ്റ്റേഷനിൽ ഉറങ്ങിയാൽ 300 ദിർഹമാണ് പിഴശിക്ഷ. മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതും ശിക്ഷാർഹമാണ്. 500 ദിർഹം പിഴ ഈടാക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കുന്നു. ആയുധങ്ങൾ, മൂർച്ചയേറിയ ഉപകരണങ്ങൾ, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നവരിൽ നിന്നും 1,000 ദിർഹം പിഴയായി ഈടാക്കും.

മെട്രോ സീറ്റോ മറ്റുപകരണങ്ങളോ കേടുവരുത്തിയാൽ 2,000 ദിർഹമാണ് പിഴശിക്ഷ. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവരിൽ നിന്നും 100 ദിർഹം പിഴശിക്ഷ ഈടാക്കും. സുരക്ഷാമാനദണ്ഡങ്ങളും ചട്ടങ്ങളും സംബന്ധിച്ച് പ്രത്യേക ക്യാംപെയ്ൻ നടത്തുമെന്ന് റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതാവ വ്യക്തമാക്കി.