ദുബായ് മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിൽ തടാകം; വീണ്ടും പ്രകൃതിയുടെ വിസ്മയം

പ്രകൃതിയുടെ വിസ്മയങ്ങൾ യുഎഇയിൽ വീണ്ടും. റാസൽഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ഇതാ, ദുബായ് അൽ ഖുദ്ര മരുഭൂമിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നു. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അൽ തമിമി എന്ന യുവതിയാണ് മനോഹരമായ ഇൗ തടാകം ക്യാമറയിൽ പകർത്തിയത്.

‘റമസാനിൽ ഏറെ ആഗ്രഹിക്കുന്നതിൽ ഭയപ്പേടേണ്ടതില്ല, ദൈവം മഹാനാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം യാഥാർഥ്യമാകും’ എന്ന അടിക്കുറിപ്പോടെ ഇവർ സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ വൈറലാകാൻ ഏറെ നേരം വേണ്ടിവന്നില്ല.

അടുത്തിടെ ഒരു സഞ്ചാരി ദുബായ് മരുഭൂമിയിലെ ഒരു തടാകത്തിന് ചുറ്റും ഒറിക്സു(അറേബ്യൻ കലമാൻ)കളെ കണ്ടെത്തിയിരുന്നു. ദുബായിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ പ്രണയതടാക(ലവ് ലേയ്ക്)ത്തിലേയ്ക്ക് സന്ദർശകരുടെ ഒഴുക്കാണ്. മലയാളി കുടുംബങ്ങളടക്കമുള്ളവർ അവധി ദിവസം ചെലവഴിക്കാൻ തിരഞ്ഞെടുത്ത പുതിയ കേന്ദ്രമായിരുന്നു ലവ് ലേയ്ക്.  

തുടര്‍ന്നാണ് റാസൽഖൈമ അൽ റംസിൽ പിങ്ക് നിറത്തിലുള്ള ജലമൊഴുകുന്ന തടാകം കണ്ടെത്തിയത്. 19കാരനായ സ്വദേശി വിദ്യാർഥി അമ്മാർ അൽ ഫർസിയായിരുന്നു ഫെബ്രുവരിയിൽ പിങ്ക് തടാകത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഇൗ തടാകം കാണാനും ഒട്ടേറെ പേരെത്തി.