ഷെയ്ഖ് മുഹമ്മദിന്റെ കാരുണ്യം: 16 കോടിയുടെ കുത്തിവയ്പിലൂടെ പിഞ്ചുബാലിക ജീവിതത്തിലേക്ക്

അപൂർവജനിതക രോഗം ബാധിച്ച 2 വയസ്സുകാരി ലവീന്റെ മാതാപിതാക്കളുടെ കണ്ണീർ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കണ്ടു. അവളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള 16 കോടിയിലേറെ വിലയുള്ള കുത്തിവയ്പിന്റെ പണം അദ്ദേഹം നൽകി! മകളെ കിടക്കയിൽ നിന്ന് എഴുന്നേൽപിച്ച ആ നന്മയ്ക്ക് ഹൃദയം നിറഞ്ഞു നന്ദി പറയുകയാണ്,  ഇറാഖി സ്വദേശികളായ ഇബ്രാഹിം മുഹമ്മദും ഭാര്യ മസർമുൻദറും. 

ചലനത്തിന് സഹായിക്കുന്ന മസിലുകൾ തളർന്നു പോകുന്ന സ്പൈനൽ മസ്കുലാർ അട്രോഫി(എസ്എംഎ) എന്ന രോഗമായിരുന്നു ലവീനിന്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ദുബായ് ജലീല ആശുപത്രിയിൽ ഫെബ്രുവരി ഒൻപതിനാണ് ദമ്പതികൾ എത്തിയത്. എന്നാൽ ഈ അപൂർവ രോഗത്തിന് 80  ലക്ഷം ദിർഹം വിലയുള്ള സോൾജെൻസ്മ എന്ന കുത്തിവയ്പാണ് ഏക പരിഹാരം എന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ ഇരുവരും തളർന്നു. 

തുടർന്നാണ് ഷെയ്ഖ് മുഹമ്മദിനോട് സഹായം യാചിച്ച് സമൂഹമാധ്യമത്തിൽ അവർ വിഡിയോ ഇട്ടത്. തുടർന്ന് അദ്ദേഹം കുത്തിവയ്പിനുള്ള പണം ആശുപത്രിക്കു കൈമാറുകയായിരുന്നു. ഇല്ലെങ്കിൽ ലവീൻ ജീവിതകാലം മുഴുവൻ കിടക്കയിൽ കഴിയേണ്ടി വന്നേനേ. കുത്തിവയ്പെടുത്തതിനു ശേഷമുള്ള തുടർ പരിശോധനകൾക്കും ഫിസിയോ തെറപ്പിക്കുമായി ഇനി മൂന്നു മാസത്തേക്ക് ആഴ്ചയിൽ രണ്ടു പ്രാവശ്യം ലവീനിനെ ആശുപത്രിയിൽ കൊണ്ടു വരണം. 

ദൈവം  കൈവിടില്ലെന്ന് ഉറപ്പായിരുന്നെന്നും ഷെയ്ഖ് മുഹമ്മദിന്റെ ഇടപെടലിലൂടെ അത് വ്യക്തമായെന്നും ഇബ്രാഹിം  പറയുന്നു.  ലവീനിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായതിൽ ആഹ്ലാദമുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.