കോവിഡ് വ്യാപനം; കുവൈത്തിലും ഖത്തറിലും കടുത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കുവൈത്തിലും ഖത്തറിലും വീണ്ടും കടുത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കുവൈത്തിൽ ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് വിദേശികൾക്ക് പ്രവേശനം വിലക്കി. ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളിലും സർക്കാർ സ്വകാര്യ ഓഫീസുകളിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

ഒരിടവേളയ്ക്കുശേഷം കോവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെയാണ് കുവൈത്തിൽ ലോക്ഡൌണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് എല്ലാ വിദേശികൾക്കും പ്രവേശനവിലക്കേർപ്പെടുത്തി. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കൾക്കും, സ്വദേശിവീടുകളിലെ ഗാർഹിക ജോലിക്കാർക്കും മാത്രമാണ് ഇളവ്. രാജ്യത്തെത്തുന്ന എല്ലാവരും ഏഴുദിവസം ക്വാറൻറീനിൽ കഴിയണം. എല്ലാവാണിജ്യവ്യാപാരസ്ഥാപനങ്ങളും രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ അടച്ചിടണം. മരുന്നുകടകൾ, ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന ഇടങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. ഈ സമയത്ത് റസ്റ്ററൻറുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. ഈ മാസം 25 ന് നടക്കാനിരിക്കുന്ന കുവൈത്ത് ദേശീയദിനാഘോഷം അടക്കം എല്ലാഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്. കായികപരിപാടികളും അനുവദിക്കില്ല. അതേസമയം, ഖത്തറിൽ ഞായറാഴ്ച മുതൽ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ പേര്‍ പാടില്ലെന്നാണ് നിർദേശം. അകംവേദികളിൽ അഞ്ചും പുറംവേദികളിൽ പത്തുപേരിലും കൂടുന്ന ഒത്തുചേരലുകൾ വിലക്കി. വിവാഹം അടക്കം ആഘോഷപരിപാടികളിലും കടുത്തനിയന്ത്രണങ്ങളുണ്ടാകും. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം. ഈ മാസം ആദ്യവാരം മുതൽ രോഗവ്യാപനം വർധിച്ച കുവൈത്തിൽ 756 പേർക്കും ഖത്തറിൽ 396 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.