40 കോടി നേടിയത് കോഴിക്കോട്ടുകാരന്‍; സമൂഹവിവാഹം നടത്തും: അബ്ദുസ്സലാം

ആ മലയാളി കോടിപതിയെ ഒടുവിൽ ഒമാനിലെ മസ്കത്തിൽ കണ്ടെത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടിയോളം രൂപ(20 ദശലക്ഷം ദിർഹം) സമ്മാനം നേടിയ കോഴിക്കോട് സ്വദേശി എൻ.വി.അബ്ദുസ്സലാമി(28)നെ മസ്കത്തിൽ അധികൃതർക്ക് ബന്ധപ്പെടാൻ സാധിച്ചു. ഇൗ യുവാവ് ഡിസംബർ 29ന് ഒാൺലൈനിലൂടെ എടുത്ത 323601 നമ്പർ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്. ഇത് അഞ്ചാമത്തെ തവണയാണ് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചത്. കുറച്ച് സുഹൃത്തുക്കളോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്. സമ്മാനത്തുക പങ്കുവയ്ക്കും. 

ഇന്നലെ വൈകിട്ട് നടന്ന നറുക്കെടുപ്പിനെ തുടർന്ന് ബിഗ് ടിക്കറ്റ് അധികൃതർക്ക് സന്തോഷവാർത്ത കൈമാറാൻ അബ്ദുസ്സലാമിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ സ്വിച്‍ഡ് ഒാഫായിരുന്നു. ഇ–മെയിലിന് മറുപടിയും ലഭിച്ചില്ല. തുടർന്ന് കണ്ടെത്താൻ മലയാളി സമൂഹത്തിൻ്റെ സഹായം തേടുകയും ചെയ്തു. 

കഴിഞ്ഞ 6 വർഷമായി മസ്കത്തിൽ സ്വന്തമായി കട നടത്തുന്ന അബ്ദുസ്സലാം സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഇദ്ദേഹം നൽകിയ തൻ്റെ ഫോൺ നമ്പരിനോടൊപ്പം ഒമാൻ കോ‍ഡായ  +968 ന് പകരം  ഇന്ത്യൻ കോ‍ഡായ  +91 അബദ്ധത്തിൽ ചേർത്തുപോയതാണ് അധികൃതർക്ക് ബന്ധപ്പെടാൻ സാധിക്കാതെ പോയത്.

സമൂഹ വിവാഹം നടത്തും

സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിലെ പെൺകുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താൻ ആഗ്രഹിക്കുന്നതായി അബ്ദുസ്സലാം പറഞ്ഞു. കൂടാതെ,  3 മാസം പ്രായമുള്ള കുഞ്ഞ് അടക്കമുള്ള കുടുംബത്തിൻ്റെ ശോഭനമായ ഭാവിക്ക് പണം ഉപയോഗിക്കാനാണ് Cതീരുമാനം. കോവിഡിനെ തുടർന്ന് കുടുംബത്തെ നാട്ടിലേയ്ക്ക് അയച്ചതാണ്. അവർ വന്ന ശേഷം  മറ്റു കാര്യങ്ങൾ തീരുമാനിക്കും. 

ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ യുഎഇയിൽ താമസിക്കുന്ന മലയാളി സാജു തോമസ് 6 കോടിയോളം രൂപ(30 ലക്ഷം ദിർഹം)യും പാക്കിസ്ഥാനി ഇജാസ് റാഫി കിയാനി 2 കോടിയോളം രൂപ(10 ലക്ഷം ദിർഹം)യും നേടി. അതേസമയം, സമ്മാനം നേടിയ അബ്ദുസ്സലാമെന്ന വ്യാജേന മറ്റു ചിലരുടെ ചിത്രങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.