വീട്ടിലറിയാതെ ദുബായ് കാണാനെത്തി പെൺകുട്ടി; ഹോട്ടൽ ജീവനക്കാർക്ക് സംശയം; ഒടുവിൽ

ദുബായ് കാണാനുള്ള മോഹം കൊണ്ടു വീട്ടുകാരറിയാതെ യൂറോപ്പിൽ നിന്നെത്തിയ 19 വയസ്സുകാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പൊലീസ്. താമസിക്കാൻ മുറിയെടുക്കുമ്പോൾ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. കാര്യങ്ങൾ മനസ്സിലാക്കിയ ഉദ്യോഗസ്ഥർ, കുട്ടിയുടെ പാസ്പോർട്ട് വിവരങ്ങൾ കോൺസുലേറ്റിനു കൈമാറുകയും കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടിക്കായി വീട്ടുകാർ അന്വേഷണം നടത്തിവരികയായിരുന്നു. കുട്ടിക്ക് താമസസൗകര്യമൊരുക്കുകയും മാതൃസഹോദരിയെ ദുബായിൽ എത്തിക്കുകയും ചെയ്തു.

ദുബായിൽ രണ്ടാഴ്ച തങ്ങി എല്ലാ കാഴ്ചകളും ആസ്വദിച്ചാണ് ഇരുവരും മടങ്ങിയത്. ശാന്തവും സുരക്ഷിതവും അതിമനോഹരവുമായ ദുബായ് കാണാൻ ഏറെനാളായി ആഗ്രഹിക്കുന്നുവെന്നു കുട്ടി പറഞ്ഞു. ദൃശ്യമാധ്യമങ്ങളിലൂടെ ദുബായിയെ അടുത്തറിഞ്ഞപ്പോൾ വരാൻ തീരുമാനിക്കുകയായിരുന്നു.

സഹായത്തിന് പ്രത്യേക വിഭാഗം

ദുബായ് പൊലീസിന്റെ സഹായ-സുരക്ഷാ വിഭാഗമാണ് 2004ൽ തുടക്കമിട്ട വിക്റ്റിം സപ്പോർട് വിങ്. ഏതെങ്കിലും കേസിൽ ഇരകളാകുന്നസ്വദേശികൾക്കും വിദേശികൾക്കും സഹായം ലഭിക്കും.പൊലീസ് വെബ് സൈറ്റ് വഴി അപേക്ഷിക്കാം. ഫോൺ: 8009 8989.