ബുർജ് ഖലീഫയിൽ നിന്നും ചാടി ചരിത്രമിട്ട ജെറ്റ്മാൻ; പരിശീലനത്തിനിടെ അപകടമരണം

'ജെറ്റ്മാന്‍' എന്നറിയപ്പെടുന്ന വിന്‍സെന്റ് റെഫെറ്റ്(36) സാഹസിക പറക്കല്‍ പരിശീലനത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടു. ദുബായ് എക്‌സ്‌പോ 2020ന്റെ ഭാഗമായുള്ള മിഷന്‍ ഹ്യൂമന്‍ ഫ്ലൈറ്റിനുവേണ്ടി ദുബായിലെ മരുഭൂമിയില്‍ നടത്തിയ പരിശീലനത്തിനിടെയാണ് ഫ്രഞ്ചുകാരനായ റെഫെറ്റ് അപകടത്തില്‍ പെട്ടത്. ജെറ്റ്മാന്‍ ദുബായ് അധികൃതരാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ബുര്‍ജ് ഖലീഫക്ക് മുകളില്‍ നിന്നും ബേസ് ജംപ് നടത്തി ലോക റെക്കോഡിട്ടയാളാണ് റെഫെറ്റ്. ലോകത്തെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫക്ക് 828 മീറ്ററാണ്(2716 അടി) ഉയരം. സ്‌കൈ ഡൈവറെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള റെഫെറ്റിന്റെ സ്‌പോണ്‍സര്‍ റെഡ് ബുള്ളായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും സ്‌കൈ ഡൈവര്‍മാരായിരുന്നു. 

ദുബായ് ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ എക്‌സ്ദുബായ്ക്ക് കീഴിലാണ് ജെറ്റ്മാന്‍ ദുബായ് പ്രവര്‍ത്തിക്കുന്നത്. ബുര്‍ജ് ഖലീഫക്ക് മുകളില്‍ നിന്നുള്ളത് അടക്കമുള്ള പ്രകടനങ്ങള്‍ വിന്‍സെന്റ് റെഫെറ്റ് ജെറ്റ്മാന്‍ ദുബായുടെ സഹകരണത്തിലാണ് നടത്തിയത്. 2015ല്‍ ഡബിള്‍ ഡെക്കര്‍ എമിറേറ്റ്‌സ് എയര്‍ബസ് എ380ക്കൊപ്പം ദുബായ്ക്ക് മുകളിലൂടെ വായുവില്‍ പറന്ന് റെഫെറ്റും ജെറ്റ്മാന്‍ ദുബായ സ്ഥാപകന്‍ റോസിയും ചരിത്രം സൃഷ്ടിച്ചിരുന്നു.

വിന്‍സ് റെഫെറ്റിനെ അനുസ്മരിച്ചുകൊണ്ട് ജെറ്റ്മാന്‍ ദുബായ് കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. 'സാഹസികനായ ഒന്നാന്തരം കായികതാരമായിരുന്നു വിന്‍സ്. ഞങ്ങളുടെ സംഘത്തിലെ ഏറ്റവും കൂടുതല്‍ ബഹുമാനവും സ്‌നേഹവും നേടിയ ആള്‍. ഈ വിഷമഘട്ടത്തില്‍  ഞങ്ങളുടെ പ്രാര്‍ഥനയും കരുതലും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ടായിരിക്കും' എന്നാണ് ജെറ്റ്മാന്‍ ദുബായ് അനുസ്മരണ കുറിപ്പില്‍ വ്യക്തമാക്കുന്നത്.