പൊതുവിടങ്ങളിൽ സൗജന്യ വൈഫൈ; അതിവേഗം ലഭ്യമാക്കുമെന്ന് സൗദി

സൌദിഅറേബ്യയിൽ എല്ലായിടത്തും സൌജന്യ വൈ ഫൈ സൌകര്യമൊരുക്കുന്ന പദ്ധതിക്ക് തുടക്കം. പൊതുഇടങ്ങളിൽ 60,000 വൈ ഫൈ പോയിൻറുകൾ ഏർപ്പെടുത്തുമെന്ന് വിവരസാങ്കേതിക വാർത്താവിനിമയ കമ്മിഷൻ അറിയിച്ചു. പ്രതിദിനം രണ്ടുമണിക്കൂർ സൌജന്യ വൈഫൈ ലഭ്യമാക്കുന്നതാണ് പദ്ധതി.

സൌദിയിൽ വിമാനത്താവളങ്ങൾ, റയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിലവിൽ സൌജന്യ വൈഫൈ സംവിധാനമുണ്ട്. ഇത് രാജ്യവ്യാപകമാക്കുകയാണ് ലക്ഷ്യം. മക്ക, മദീന എന്നിവിടങ്ങളിലെ ഹറം പള്ളികൾ, ആശുപത്രികൾ, മാളുകൾ, പൊതു  പാർക്കുകൾ എന്നിവിടങ്ങളിലും  സൗജന്യ വൈ-ഫൈ  ലഭ്യമാക്കും. രാജ്യത്തെ ടെലികോം ദാതാക്കളുമായി സഹകരിച്ച് സി.ഐ.ടി.സിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. നെറ്റ് വർക്കിൻറെ പേര് എല്ലായിടത്തും ഒരുപോലെയായിരിക്കും.  സൗജന്യ വൈഫൈ ഹോട്സ്പോട്ടുകൾ എവിടെയൊക്കെ ലഭ്യമാണ് എന്ന് വ്യക്തമാക്കുന്ന മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. 

പ്രതിദിനം രണ്ട് മണിക്കൂർ വീതം ഉപഭോക്താക്കൾക്ക് വൈഫൈ നെറ്റ് വർക്കിലേക്ക് കണക്ട് ചെയ്ത് സൗജന്യ ഇന്‍റർനെറ്റ് സേവനം ഉപയോഗിക്കാമെന്ന് സി.ഐ.ടി.സി വ്യക്തമാക്കി. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ചെറുകിട വ്യവസായികൾക്കടക്കം ഗുണകരമാകുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്. കിരാടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 ൻറെ ഭാഗമായാണ് സിഐടിസി പദ്ധതി ആവിഷ്കരിച്ചത്.