ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഔദ്യോഗിക ഹോസ്പിറ്റൽ ക്ലിനിക് പങ്കാളിയായി ആസ്റ്റർ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഔദ്യോഗിക ഹോസ്പിറ്റൽ ക്ലിനിക് പങ്കാളിയായി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിനെ തിരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് ലിവ് ബെറ്റർ വിത്ത് ആസ്റ്റർ എന്ന പേരിൽ പ്രചാരണ പരിപാടി തുടങ്ങി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്‍റെ നേതൃത്വത്തിലാണ് 30 ദിവസം നീളുന്ന ഫിറ്റ്നസ് ചലഞ്ച് പുരോഗമിക്കുന്നത്.

വ്യായാമത്തിലൂടെ ജനങ്ങളെ ഊർജസ്വലരാക്കി ഐക്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായ് ഫിറ്റ്നസ് ചലഞ്ചിൻറെ നാലാം സീസൺ പുരോഗമിക്കുന്നത്. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി പരിശീലനം എന്നതാണ് ലക്ഷ്യം. ഫിറ്റ്നസ് ചലഞ്ചിൻറെ ഔദ്യോഗിക ഹോസ്പിറ്റൽ ക്ളിനിക് പങ്കാളികളെന്ന നിലയിൽ ആരോഗ്യകരമായ ജീവിതശൈലി പിൻതുടരാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന്  ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ വ്യക്തമാക്കി. ഖുർആനിക് പാർക്കിലും കൈറ്റ് ബീച്ചിലും ഒരുക്കിയ ഫിറ്റ്നസ് വില്ലേജിൽ ബോധവൽക്കരണ പരിപാടികളും ആരോഗ്യ പരിശോധനകളും നടത്തും. ഇതിൽ പങ്കെടുത്ത് സമ്മാനം നേടാനും അവസരമുണ്ട്.

ഡിസംബർ 31 വരെ ആസ്റ്ററിന്റെ യുഎഇയിലെ നാല് ആശുപത്രികളിലും 90 ക്ലിനിക്കുകളിലും പ്രത്യേക ഇളവോടെ ആരോഗ്യപരിശോധന നടത്താൻ സൌകര്യമൊരുക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ആസ്റ്റർ വെൽബീയിങ് പ്രോഗ്രാം എന്ന പേരിൽഏഴ് രാജ്യങ്ങളിലായി 19,800 ജീവനക്കാർക്കായി ഫിറ്റ്നസ് പദ്ധതിയും ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.