പ്രവാസികൾക്ക് ആശ്വാസം; സ്പോൺസർഷിപ്പ് നിയമം ഒഴിവാക്കാനൊരുങ്ങി സൗദി

സൌദി അറേബ്യയിൽ സ്പോൺസർഷിപ്പ് നിയമം ഒഴിവാക്കുമെന്ന് റിപ്പോർട്ട്. അടുത്തവർഷം ആദ്യത്തോടെ മാനവവിഭവശേഷി മന്ത്രാലയം ഉത്തരവിറക്കിയേക്കുമെന്ന് സൌദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഗുണകരമാകുന്ന തീരുമാനമാണിത്.

എഴുപത് വർഷത്തോളമായി തുടരുന്ന കഫാലത്ത് സംവിധാനം ഒഴിവാക്കാൻ സൌദിഅറേബ്യ തീരുമാനിച്ചതായി ധനകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. സ്പോൺസർഷിപ്പ് നിയമം ഒഴിവാക്കുന്നതോടെ സൌദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാനും മടങ്ങിവരാനും സൌദി പൌരൻറെ അനുമതി വേണ്ടിവരില്ല. തൊഴിലുടമയുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടാനുമാകും. തൊഴിൽതർക്കങ്ങളും സ്പോൺസർഷിപ്പ് സംവിധാനത്തിൻറെ ഭാഗമായി പതിവായിരുന്നു. പ്രവാസി തൊഴിലാളികളും തൊഴിലുടമയും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്‌പോൺസർഷിപ് സംവിധാനം ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരും ദിവസങ്ങളിലുണ്ടായേക്കും. തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനു സൗദി അറേബ്യ പുതിയ തീരുമാനങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു.