ഹൈവേയിലൂടെ കാർ 'പറന്നത്' 200 കിലോമീറ്റർ സ്പീഡിൽ; യുവാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

മണിക്കൂറിൽ 200 കിലോമീറ്റർ സ്പീഡിൽ കാറിൽ പാഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായി അമിതവേഗത്തിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ യുവാവ് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് അറസ്റ്റ് എളുപ്പമായത്. ഷാർജയിലെ ഖോർഫക്കാൻ ഹൈവേയിലൂടെയായിരുന്നു ഈ അഭ്യാസപ്രകടനം.

രണ്ട് ദിവസം മുൻപ് ഷാർജയിൽ മണിക്കൂറിൽ 278 കിലോ മീറ്റർ വേഗത്തിൽ പാഞ്ഞ കാർ റഡാറില്‍ കുടുങ്ങിയിരുന്നു. കൂടിയ വേഗപരിധി മണിക്കൂറില്‍ 80 കിലോ മീറ്റർ മറികടക്കുന്നവർക്ക് 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ നൽകുമെന്ന് ഷാർജ പൊലീസ് ട്രാഫിക് എൻജിനീയറിങ് വിഭാഗം തലവൻ മേജർ മിഷാൽ ബിൻ ഖാദിം പറഞ്ഞു. 

കൂടാതെ, വാഹനം 60 ദിവസം കണ്ടുകെട്ടുകയും ചെയ്യും. മണിക്കൂറിൽ 60 കിലോ മീറ്റർ മറികടക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസം കണ്ടുകെട്ടലുമാണ് ശിക്ഷ. ഇൗ വർഷം ആദ്യത്തെ 8 മാസത്തിനുള്ളിൽ മണിക്കൂറിൽ 200 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിച്ചതിന് പിടിയിലായ 274–ാമത്തെ സംഭവമാണിത്.