സൗദിയിൽ 21 കോവിഡ് മരണം കൂടി; രോഗവ്യാപനം കുറയുന്നു; ആശ്വാസം

സൌദിഅറേബ്യയിൽ കോവിഡ് ബാധിച്ച് 21 മരണം കൂടി. ഇതോടെ ആകെ മരണം 2,887 ആയി. അതേസമയം, രോഗവ്യാപനം വലിയതോതിൽ കുറയുന്നത് ആശ്വാസകരമാണ്. യുഎഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സൌദിഅറേബ്യയിൽ ഒരാഴ്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണം 2000 ൽ താഴെയാണ്. 1573 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1890 പേരാണ് രോഗമുക്തരായത്. 85 ശതമാനമാണ് രോഗമുക്തി നിരക്ക്. തീവ്രപരിചരണ വിഭാഗത്തിൽ 2016 പേരടക്കം 37043 പേരാണ് ഇനി ചികിൽസയിലുള്ളത്. 97 ശതമാനം രോഗമുക്തി നിരക്കുള്ള ഖത്തറിൽ 3159 പേരാണ് ചികിൽസയിലുള്ളത്. 216 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 201 പേർ രോഗമുക്തി നേടി. കുവൈത്തിൽ ആറ് പേർകൂടി മരിച്ചതോടെ ആകെ മരണം 453 ആയി. 86 ശതമാനം രോഗമുക്തി നിരക്കുള്ള കുവൈത്തിൽ 8470 പേരാണിനി ചികിൽസയിലുള്ളത്. 

യുഎഇയിൽ 43,000 പേർക്ക് നടത്തിയ പരിശോധനയിൽ 254 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 ശതമാനമാണ് രോഗമുക്തി നിരക്ക്. 6154 പേർ ചികിൽസയിലുണ്ട്. ബഹ്റൈനിൽ ചികിൽസയിലുള്ളവരുടെ എണ്ണം മൂവായിരത്തിന് താഴെയായി. 92 ശതമാനം രോഗമുക്തി നിരക്കുള്ള ബഹ്റൈനിൽ 2995 പേരാണിനി ചികിൽസയിലുള്ളത്. ഒമാനിൽ പതിനേഴായിരത്തോളം പേരാണ് ചികിൽസയിലുള്ളത്.